ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

ആദ്യ ദിവ്യ സന്ദേശത്തിന്റെ അങ്കലാപ്പില്‍ ഹിറാ ഗുഹയില്‍ നിന്നും വിറച്ചു വന്ന പ്രിയതമനെ പുതപ്പിച്ചു ഖദീജ പറഞ്ഞ വാക്കുകള്‍.
‘ഇല്ല,അല്ലാഹു താങ്കളെ കൈവെടിയുകയില്ല.അങ്ങ് കുടുംബ ബന്ധം നില നിര്‍ത്തുന്നു.അതിഥികളെ സല്‍ക്കരിക്കുന്നു.അവശര്‍ക്ക് ആശ്വാസമേകുകയും പാവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.എന്നിങ്ങനെയായിരുന്നു.
ഖദീജാ എന്നെ പുതപ്പിക്കൂ…എന്ന് പറഞ്ഞായിരുന്നു തിരുമേനി വന്നത് . ജിബ്‌രീലിന്റെ ആദ്യ വരവ്, പിടിച്ച് അമര്‍ത്തലും ഓതാന്‍ പറയലും എല്ലാം മുഹമ്മദിന്ന് ആദ്യാനുഭവം. എന്നാല്‍ എല്ലാ പരിഭ്രമവും ഖദീജയുടെ വാക്കുകളില്‍ അലിഞ്ഞില്ലാതായി.
അവിവേകത്തിന്റെ മരുഭൂമിയില്‍ തണലും ഫലവും നല്‍കുന്ന മനോഹര തോട്ടമായി പടര്‍ന്നു പന്തലിക്കാനിരിക്കുന്ന റസൂലിന് വെള്ളവും വളവും നല്‍കുവാനായി നാഥന്‍ പടച്ചതാണ് ഖദീജയെ.
അസദിയ്യ വംശക്കാരന്‍ ഖുവൈലിദിന്റെയും ആമിരിയ വംശജയായ ഫാത്തിമയുടെയും മകള്‍. പതിവ്രതയെന്ന അര്‍ഥത്തില്‍ ത്വാഹിറ എന്ന് അപരനാമം. വ്യാപാര പ്രമുഖ, സമ്പന്ന,ഖുറൈശി വനിതകളുടെ ആവേശം.
വിശ്വസ്തനായ മുഹമ്മദിനെക്കുറിച്ചു ധാരാളം കേട്ട ഖദീജ, കച്ചവടത്തിനായി ക്ഷണിച്ചു. കണക്കു കൂട്ടല്‍ പിഴച്ചില്ല. മുന്‍കാലങ്ങളിലേക്കാള്‍ ലാഭം. കൂടെ പറഞ്ഞയച്ച പരിചാരകന്‍ മൈസറക്ക് പുതിയ കച്ചവടക്കാരനെക്കുറിച്ച് പറയാന്‍ ആയിരം നാവ്. മരുഭൂമിയിലെ യാത്രക്കിടയില്‍ നട്ടുച്ചക്ക് മേഘം നിഴല്‍ വിരിച്ച അത്ഭുതം മൈസറ റിപ്പോര്‍ട്ട് ചെയ്തത് ഖദീജ, വേദ പണ്ഡിതന്‍ വറഖത്ബ്‌നുനൗഫലിനോട് പറഞ്ഞു. ഇത് സത്യമെങ്കില്‍ മുഹമ്മദ്,വരാനിരിക്കുന്ന ദൈ വദൂതരായിരിക്കുമെന്ന് അദ്ദേഹം പ്രതിവചിച്ചു.
ഖദീജയുടെ മനസ്സില്‍ തിരുമേനിയെ സ്വന്തമാക്കാന്‍ മോഹമുദിച്ചു.
തിരുമേനിയുടെ സംരക്ഷകന്‍ അബുത്വാലിബിന്റെ അടുത്ത് ആലോചനയെത്തി.
ആദ്യ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ധാരാളം ആലോചനകള്‍ വന്നതാണ് ഖദീജക്ക്. സമ്പന്നരും വ്യാപാര പ്രമുഖരും അപ്പോഴൊക്കെ ഖദീജ നിരസിച്ചു. ഇതിപ്പോള്‍ സമ്പത്തോ,കച്ചവട ചരക്കോ കൈവശമില്ലാത്തയാള്‍.എന്നാല്‍ വില മതിക്കാനാവാത്ത മുത്തുരത്‌നമാണ് തിരുദൂതരെന്നു അല്ലാഹു ഖദീജയുടെ മനസിന് ബോധനം നല്കിയിട്ടുണ്ടായിരുന്നു.
അബൂത്വാലിബ് തന്നെ പറഞ്ഞ പോലെ,എന്റെ സഹോദര പുത്രന് കിടപിടിക്കാന്‍ ഇന്നാട്ടില്‍ ആരുമില്ലെന്ന് ഉറപ്പിച്ച് പറയാന്‍ എനിക്ക് കഴിയും. സമ്പത്ത് ഇല്ലെന്നത് ശരി തന്നെ. പക്ഷെ,സമ്പാദ്യം നീങ്ങിപ്പോകുന്ന നിഴലാണെന്നു നാമോര്‍ക്കണം.
തിരുമേനിയും ഖദീജയുമായുള്ള വിവാഹം നടന്നു,സമ്പന്നയും തന്റേടിയുമായ ഖദീജ അല്ലാഹുവില്‍ നിന്നുള്ള സവിശേഷ പദവിക്കര്‍ഹയായി.
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്‌നിമാര്‍ അവരുടെ മാതാക്കളുമാണ്.(സൂറത്ത് 33 : ആയത്ത് 6)നിങ്ങളിലാരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവള്‍ക്ക് നാം രണ്ടിരട്ടി പ്രതിഫലം നല്‍കും.അവള്‍ക്കു നാം മാന്യമായ ജീവിതവിഭവം ഒരുക്കിവെച്ചിട്ടുമുണ്ട്.(സൂറ 33 : ആയത്ത് 31)പ്രവാചക പത്‌നിമാരേ,നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല.(സൂറത്ത് 33 :ആയത്ത് 32)
തിരുമേനിക്ക് ലഭിച്ചത് ഇണയും തുണയും അഭയവും തണലും സ്‌നേഹവും സമ്പത്തും കാവലും കരുതലുമായിരുന്നു.
‘ഒരനാഥനായി അവന്‍ നിന്നെ കണ്ടിട്ടില്ലയോ;അപ്പോള്‍! നിനക്കഭയമേകിയില്ലയോ? വഴിയറിയാത്തവനായും അവന്‍! നിന്നെ കണ്ടു; അപ്പോള്‍! നേര്‍വഴി കാണിച്ചുതന്നു. പ്രാരബ്ധക്കാരനായും കണ്ടു; അപ്പോള്‍നിനക്ക് സമ്പത്തരുളി.(സൂറത്ത് 93 6 8)
ഖദീജാ ബീവിക്ക് തിരുമേനിയോട് ഉണ്ടായ ഇഷ്ടം,പെട്ടെന്നുണ്ടായ ഒരു തോന്നലോ,കേവല പ്രണയമോ ആയിരുന്നില്ല എന്ന് മനസ്സിലാവണമെങ്കില്‍ ഖദീജയുടെ പിതൃവ്യ പുത്രനും വേദ പണ്ഡിതനും തികഞ്ഞ ഏകദൈവ വിശ്വാസിയുമായ വറഖത്ത്ബ്‌നു നൗഫലുമായി നടന്ന സംഭാഷണം വായിക്കണം.മക്കയിലെ വിഗ്രഹ പൂജയും സാമൂഹ്യ തിന്മയും ചര്‍ച്ചയായ സമയത്ത്, അത്തരം തിന്മകള്‍ ഇബ്‌റാഹീമീ പാരമ്പര്യമല്ലെന്ന് വേദമോതി വിശദീകരിച്ച വറഖത്തിനോട് എങ്കില്‍ ഇബ്‌റാഹീമീ പാരമ്പര്യമവകാശപ്പെടുന്ന മക്കക്കാരെ ഇത് വിശദീകരിച്ച് താങ്കളെന്ത് കൊണ്ട് തടയുന്നില്ല എന്ന് ഖദീജ ചോദിച്ചിരുന്നു. അത് ഞാനല്ല ചെയ്യേണ്ടത് അതിന് ചുമതലപ്പെടുത്തപ്പെട്ടയാള്‍ വരും എന്നാണ് അന്ന് വറഖത്ത് മറുപടി പറഞ്ഞത്.
ഖദീജ ആ വരവ് കാത്തിരിക്കുകയായിരുന്നു. അഥവാ താന്‍ മനസ്സിലാക്കിയ വിശുദ്ധമായ ദൈവിക ദൗത്യം നിര്‍വഹിക്കാന്‍ വരുന്ന പ്രവാചകനെ മുഹമ്മദ് നബിയില്‍ ഖദീജ മുമ്പേ ദര്‍ശിച്ചിരുന്നു. പില്‍ക്കാല സംഭവങ്ങളും ഇതാണ് തെളിയിക്കുന്നത്. ഹിറയില്‍ നിന്നിറങ്ങി ഭയപ്പെട്ട് വന്ന നബിയോട് എത്ര ശാന്തമായാണ് താങ്കളെ അല്ലാഹു കൈവെടിയുകയില്ല എന്ന് ഖദീജ ഉറപ്പിച്ചു പറഞ്ഞത്. വിറയല്‍പം മാറിയ ഉടനെ തിരുമേനിയെ കൊണ്ടു പോയത് വറഖത്ത്ബ്‌നു നൗഫലിന്റെയടുത്ത് തന്നെ.
തിരുമേനി നബിയാണെന്ന് ബോധ്യമായ ആദ്യ നിമിഷം തന്നെ ഖദീജ വിശ്വസിച്ചു.ആദ്യമായി നബിയില്‍ വിശ്വസിച്ചയാള്‍ എന്ന പദവി സ്വന്തമാക്കി. പുതിയ ദര്‍ശനം സ്വീകരിച്ചാല്‍ നേരിടേണ്ടി വരുന്ന കഷ്ടതകളെക്കുറച്ച് നല്ല ബോധ്യമുണ്ടായിരുന്നു ബുദ്ധിമതിയായ മഹതിക്ക്. സ്വന്തം ഗോത്രമായ ഖുറൈശികളുടെ എതിര്‍പ്പ്, കച്ചവട രംഗത്തെ പ്രതിസന്ധി, ദൈവിക ദൗത്യവുമായി വന്ന മുന്‍ പ്രവാചകരെല്ലാം നാട്ടില്‍ നിന്ന് കഷ്ടതകള്‍ സഹിക്കുകയും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണല്ലോ വറഖത്ത് പഠിപ്പിച്ചത്.
എന്തും വരട്ടെ,കാത്തിരുന്ന മുത്തു നബിയുടെ കൂടെയുള്ള നിത്യ സ്വര്‍ഗത്തിനു മുമ്പില്‍ അതെല്ലാം നിസാരം.
ഏതൊരു വിപ്ലവകാരിക്കും ശക്തമായ ഒരു പിന്‍ബലമുണ്ടാവും നബിയുടെ പിന്‍ബലമാണ് ഖദീജ.പ്രചോദനമാണവര്‍,അതുല്യയാണവര്‍. ഖദീജയെപ്പോലെ മറ്റൊരു സ്ത്രീയില്ലെന്ന് പറഞ്ഞത് നബിയാണ്.
മഹതിയായ ഖദീജയില്‍ നിന്ന് ധാരാളം പകര്‍ത്താനുണ്ട്.അചഞ്ചലമായ ആദര്‍ശ ബോധമാണതില്‍ പ്രധാനം. ഖുറൈശികളിലെ പ്രമാണിമാരുടെ വിവാഹാലോചനകള്‍ നിരസിച്ചതിനു ശേഷം അനാഥനും നിര്‍ധനനുമായ മുഹമ്മദിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയത് തന്നെ പലര്‍ക്കും ഇഷ്ടമായിട്ടില്ല എന്നിരിക്കെ പുതിയ പ്രവാചകനെ സ്വീകരിക്കുക വഴി ഖുറൈശി പ്രമാണിമാരുടെ എതിര്‍പ്പുണ്ടാവുമെന്നുറപ്പുണ്ടായിട്ടും തന്റെ കച്ചവടവും പേരും പ്രശസ്തിയും തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അവര്‍ തിരുദൂതരുടെ കൂടെ നിന്നു. കഅ്ബയുടെ മുറ്റത്ത് വെച്ച് പരസ്യമായി മക്കക്കാര്‍ക്ക് പരിചയമില്ലാത്ത പുതിയ പ്രാര്‍ത്ഥന നടത്തി. ജീവിതം മുഴുവന്‍ സത്യമാര്‍ഗത്തില്‍ സമര്‍പ്പിച്ചു.
സമ്പത്ത് മുഴുവന്‍ സത്യമാര്‍ഗ്ഗത്തില്‍ വിനിയോഗിക്കാന്‍ ഭാഗ്യം ലഭിച്ച അനുഗ്രഹീതയാണ് വിശ്വാസികളുടെ മാതാവായ ഖദീജ. തന്റെ പ്രിയതമന് നാല്‍പത് വയസിനോടടുത്തപ്പോള്‍ ധ്യാനത്തിലും പ്രാര്‍ത്ഥനയിലുമായി ഒറ്റക്കിരിക്കാനാണ് താല്‍പര്യമെന്ന് മനസ്സിലാക്കിയ ഖദീജ,നബിയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ നിര്‍ബന്ധിക്കുകയല്ല പ്രാര്‍ത്ഥനക്കും ആലോചനക്കുമായി ഒഴിഞ്ഞിരിക്കാന്‍ സഹായം ചെയ്തു കൊടുക്കുകയാണ് ചെയ്തത്. ശിഅ്ബ് അബീത്വാലിബില്‍ തിരുദൂതര്‍ ഉപരോധിക്കപ്പെട്ടപ്പോള്‍ വീട്ടിലിരുന്നു കൊള്ളാനുള്ള അനുവാദമുണ്ടായിട്ടും സമ്പത്ത് മുഴുവന്‍ ചെലവഴിച്ച് വിശ്വാസികളുടെ കൂടെ ആ പരുക്കന്‍ താഴ്‌വരയില്‍ ബീവി കഴിച്ചുകൂട്ടി.
സ്വന്തമായി വരുമാനവും സമൂഹത്തില്‍ ഉന്നത പദവിയുമുണ്ടായിരുന്നിട്ടും വിനീതയും സേവകയുമായ കുടുംബിനിയായിരുന്നു ഖദീജ. തിരുദൂതര്‍ അങ്ങകലെ ജബലുന്നൂറിന്റെ ഉച്ചിയില്‍ ഹിറാ ഗുഹയിലായിരിക്കെ അവിടേക്ക് ഭക്ഷണവുമായി അവര്‍ നടന്നു കയറി. കൊടുത്തയക്കാന്‍ പരിചാരകരെ ലഭിക്കാത്തതിനാലല്ല. കാരുണ്യവാന്റെ സാമീപ്യം അത്രമേല്‍ കൊതിച്ചിരുന്നു അവര്‍. നബിയുടെ വളര്‍ത്തുമ്മ ഹലീമ ബീവി വീട്ടില്‍ വന്നപ്പോള്‍ ആദരവോടെ സല്‍ക്കരിച്ചു. ഹലീമ ബീവിക്ക് കൊടുക്കാനെന്തുണ്ടെന്ന് ചോദിച്ച തിരുമേനിയോട് എന്റേതെല്ലാം അവിടുത്തേതാണല്ലോ എന്ന് സമര്‍പ്പിക്കുകയായിരുന്നു ഖദീജ. തിരുദൂതരുടെ പിതൃവ്യ പുത്രന്‍ അലി കൊച്ചു കുട്ടിയായിരിക്കെ വീട്ടില്‍ നിര്‍ത്തി വളര്‍ത്തിയതും മഹതി തന്നെ.
സ്‌നേഹമായിരുന്നു ഖദീജ. പ്രചോദനമായിരുന്നു അവര്‍ ഏവരുടെയും തണലായ റസൂലിന്റെ തണല്‍. അവരെ സ്‌നേഹിച്ച് തിരുദൂതര്‍ക്ക് മതിവന്നിട്ടില്ല. പുകഴ്ത്തി സംസാരിക്കുന്നതില്‍ മടുപ്പുണ്ടായിട്ടില്ല. മഹതി ഇഹലോക വാസം വെടിഞ്ഞ വര്‍ഷം ദു:ഖ വര്‍ഷമായിരുന്നു.അവരുടെ ഖബറിനടുത്ത് ടെന്റ് കെട്ടി അതിലാണ് ലോകനായകന്‍ കുറേ നാള്‍ കഴിച്ചു കൂട്ടിയത്. പ്രിയതമയുടെ സഹോദരിയെ കാണുമ്പോള്‍ കൂട്ടുകാരികളെ കാണുമ്പോള്‍ നബി ആവേശപ്പെട്ടു.അവര്‍ക്ക് ആദരവും സമ്മാനങ്ങളും നല്‍കി .ഇല്ല. ഖദീജയെപ്പോലെ മറ്റൊരാളില്ല.ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

Comments

  1. 👍👍👍👍👍👍👍👍👍👍👌👍👌👌👌👌👌👌👌👌👍👍👍👍👍👍👍👍

    ReplyDelete
  2. 👍👍👍👍👍👍👍👍👍👍👌👍👌👌👌👌👌👌👌👌👍👍👍👍👍👍👍👍

    ReplyDelete

Post a Comment

Popular posts from this blog

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്