സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ



എന്തോ ലോഡിറക്കുന്നതിനിടയിൽ ലോറിപ്പുറത്ത് നിന്നും താഴെ വീണുപോയൊരാൾ, കാലൊടിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത് .

കരയാൻ ശ്രമിക്കുന്നത് കാണാം ശീലമില്ലാത്തതിനാലാവാം ഒട്ടും ഭംഗിയില്ലാത്ത കരച്ചിൽ. ആരും അടുക്കുന്നില്ല ആരെയും അടുപ്പിക്കാത്ത പ്രകൃതത്തിന്റെ ഫലം.

കുറെ നേരം കഴിഞ്ഞ് പ്രായമേറിയ ഒരു സ്ത്രീ പ്രയാസപ്പെട്ട് ഓടിക്കിതച്ചു വരുന്നു.

ന്റെ മോനേന്നുള്ള വിളി കേട്ടാലറിയാം വീണയാളുടെ ഉമ്മയാണത്.

വീണുകിടക്കുന്നയാളെ വാരിപ്പുണർന്ന് ഉമ്മ കരച്ചിൽ തുടർന്നു.

മദ്യപിക്കാൻ പണം ചോദിച്ച് കിട്ടാത്ത ദേഷ്യത്തിന് ഉമ്മയെ തൊഴിച്ച കാലാണ് പൊട്ടിയത് എന്നിട്ടിപ്പോൾ മകന് വേണ്ടി കരയാൻ അതേ ഉമ്മ മാത്രം.

ഉമ്മയുടെ കരളെടുത്ത് ഓടുന്നതിനിടക്ക് കല്ലിൽ തടഞ്ഞ് വീണമകനോട് തെറിച്ചു വീണ പൊതിയിൽ നിന്ന് പിടക്കുന്ന കരൾ മകനെന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കുന്ന കഥയോർമ്മ വന്നു.

അതൊരു കഥയല്ല അതാണ് മാതാവ്.

മാതാവിനെ വർണ്ണിക്കാൻ ഭാഷയിനി വേറെ പിറവിയെടുത്തിട്ട് വേണം.


വയറ്റിൽ തപ്പിനോക്കിയാൽ കാണാം മാതാവ് നമ്മെ ഊട്ടിയവഴി

കയ്യോ കാലോ കണ്ണോ ഇല്ലാതെ പിറന്നവരുണ്ട് നാട്ടിൽ എന്നാൽ പൊക്കിൾ ഇല്ലാതെ ജനിച്ചവരെയറിയുമോ നമുക്ക് ?! 

പിറന്ന ശേഷം പൊക്കിൾക്കൊടി മുറിച്ചു കളഞ്ഞെങ്കിലും  അദൃശ്യമായൊരു പാശം മക്കളുടെ പൊക്കിളിനെ ഉമ്മയുമായി ചേർത്ത് നിർത്തുന്നുണ്ട്.


ഗർഭാശയത്തിലെ ഇളക്കം മുതൽ തുടങ്ങിയതാണ് കുഞ്ഞിന്റെ താളത്തിനനുസരിച്ച് ചലിക്കാനുള്ള ഉമ്മയുടെ വഴക്കം. 

ഉറക്കവും ഉണർച്ചയും പൈതലിനെ പരിഗണിച്ച് മാത്രം.

ഉമ്മയും കുഞ്ഞും തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യാകരണം പൊക്കിൾക്കൊടി പോലെ തന്നെ തികച്ചും സ്വകാര്യമാണ്.


ഏതൊരു ജീവിക്കും കുഞ്ഞുങ്ങളോട് വലിയ ആത്മബന്ധമായിരിക്കും

കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന് പറയാറുണ്ടല്ലോ.

എന്നാൽ മനുഷ്യമാതാക്കൾക്ക് ഉത്തരവാദിത്വം കൂടും. ഗർഭാശയത്തിലും പുറത്തും മക്കളുടെ ശരീരം  വളരാനവസരം നൽകിയാൽ മാത്രം മതിയാവില്ല.

മനുഷ്യനായി ജീവിക്കാനുള്ള, അഥവാ  ഭൂമിയിലെ പടച്ചവന്റെ പ്രതിനിധിയായി ജീവിക്കാനാവശ്യമായ ശിക്ഷണശീലങ്ങൾ കൂടി പകർന്ന് നൽകണം.

ഉമ്മയുടെ മടിത്തട്ടാണ് മനുഷ്യന്റെ പ്രഥമ വിദ്യാലയം

ഒരു മനുഷ്യനെ സംബന്ധിച്ച് ഉമ്മ ആയിരം അദ്ധ്യാപകർക്ക് തുല്യമാണ്.

കുട്ടി ആവശ്യപ്പെടുന്നതെല്ലാം നൽകുകയല്ല,  കുട്ടിക്ക് നല്ലതും തീയതും വകതിരിച്ച് നൽകുകയാണ്  വേണ്ടത്.

മാതാവിന്റെ കാലിനടിയിലാണ് മാനവരുടെ സ്വർഗം.

മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി എന്നത് മക്കൾക്ക് മാതാപിതാക്കളോടുള്ള ആദരവിന്റെ പ്രചോദനം മാത്രമല്ല മാതാപിതാക്കളുടെ ഉത്തരവാദിത്തത്തിന്റെ സൂചന കൂടിയാണ്.


എല്ലാ മനുഷ്യരും ശുദ്ധ പ്രകൃതത്തിലാണ് ജനിക്കുന്നത്. പിന്നീട് അവരെന്തായിത്തീരുന്നു എന്നതിൽ മാതാവിന്റെ പങ്ക് വലിയതാണ്.


  അല്ലാഹു നൽകിയ അമാനത്ത് അഥവാ സൂക്ഷിപ്പു സ്വത്താണ് മക്കൾ. അമാനത്തിൽ വഞ്ചന കാണിക്കുന്നവർ ജീവിതപരീക്ഷണത്തിൽ പരാജയപ്പെട്ടു പോകും


ബലിയറുക്കാനുള്ള ദൈവകൽപ്പന അറിയിച്ച് അഭിപ്രായമാരാഞ്ഞ പിതാവായ ഇബ്റാഹീം നബിയോട്, ദൈവകൽപ്പന നടപ്പാക്കിക്കോളൂ താങ്കൾക്കെന്നെ ക്ഷമാശീലരിൽ കാണാം എന്ന് സമ്മതമറിയിച്ച മകൻ ഇസ്മാഈലിനെ രൂപപ്പെടുത്തിയത് ഹാജർ എന്ന മാതാവായിരുന്നു.


ഫിർഔനിന്റെ കൊട്ടാരത്തിലെത്തി മകന് മുലപ്പാൽ നൽകിയ മൂസയുടെ മാതാവ് എത്ര സുന്ദരമായ കാഴ്ചയാണ്.

ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ വിശുദ്ധ മാതാവ് മർയമിനെ പരാമർശിച്ചു കൊണ്ടേ ഈസയെക്കുറിച്ച് സംസാരമുള്ളൂ.


മഹതികളായ ഖദീജയും സുമയ്യയും  ഉമ്മുസലമയും അസ്മാഉം ഫാത്വിമത്തുസ്സുഹ്റയും അങ്ങിനെയെത്രയോ പേർ മനുഷ്യകുലത്തിന് മഹാസേവനം നിർവഹിച്ച മാതാക്കളുടെ പട്ടികയിൽ തിളങ്ങി നിൽക്കുന്നു.


പഴയ കാലത്ത് മാത്രമല്ല ആധുനിക ചരിത്രത്തിലും നമുക്ക് വിപ്ലവകാരികളായ മാതാക്കളെ കാണാം.

വെള്ളം കോരികുളിപ്പിക്കുമ്പോൾ തുടയിൽ അടിച്ച് ഖുദ്സിന്റെ മോചനത്തിന് മകനെ ഒരുക്കിയ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി യുടെ മാതാവ്,

ബ്രിട്ടീഷുകാരന്റെ കൊട്ടാരത്തിൽ ചെന്ന് ഒന്നുകിൽ ഇന്ത്യക്ക് സ്വാതന്ത്യം ഇല്ലെങ്കിൽ ഈ സ്വതന്ത്ര രാജ്യത്ത് എനിക്കൊരു ഖബർ എന്നലറി വിളിച്ചു പൊരുതിയ മൗലാനാ മുഹമ്മദലി ജൗഹറിനെ വളർത്തിയ ബീ ഉമ്മ.


ഇത്തരം മാതാക്കളുടെ സംഗമഭൂമിയാണ് ഗസ്സ സ്വർഗ്ഗത്തിൽ കണ്ടുമുട്ടാമെന്ന് യാത്ര പറഞ്ഞ് മക്കളെ പോരാട്ട ഭൂമിലേക്കയക്കുകയാണവിടുത്തെ രക്തസാക്ഷികളുടെ ഉമ്മമാർ.

മനുഷ്യ വിരുദ്ധ ശക്തികൾ ഒടിച്ചുകളഞ്ഞ സമാധാനത്തിന്റെ ഒലീവ് ചില്ലകളെ കരുത്തോടെ നിർത്താൻ,   ചിറകരിയിപ്പെട്ട വെള്ളരിപ്പിറാവുകൾക്ക് ആകാശത്ത് ആഹ്ളാദ നൃത്തം വെക്കാനുള്ള പുതിയചിറകുകൾ നൽകാൻ ഫലസ്തീനിലെ മാതാക്കൾക്ക് സാധിക്കുന്ന കാലം വിദൂരമല്ല.


ഒരു മാതാവും കുഞ്ഞിനെ സൃഷ്ടിക്കുന്നില്ല. രൂപം നൽകുന്നില്ല കുട്ടിയുടെ ആകാരവും ആയുസ്സും നിശ്ചയിക്കുന്നില്ല.

അല്ലാഹു സൃഷ്ടിച്ചയച്ച പ്രതിനിധിയെ അല്ലാഹു തന്നെ നൽകിയ കഴിവനുസരിച്ച് പെറ്റു പോറ്റുകയാണ് ചെയ്യുന്നത്.

അഥവാ ഭൂമിയിലെ ശ്രേഷ്ഠ പദവിയായ മാതൃത്വം നൽകിയ നാഥന് മുന്നിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തി വിനയാന്വിതയാവുമ്പോൾ മാതൃത്വത്തിന്റെ അന്തസ്സ് വർദ്ധിക്കുന്നു


സകലതിനും മാതാവിനെ ആശ്രയിക്കുന്ന കുഞ്ഞ് അതിജീവനത്തിന്റെ പാഠങ്ങൾ പഠിച്ച് സ്വന്തം വഴിക്ക് വളരുകയാണ് പതിവെങ്കിലും തള്ളയുമായി കൊത്തിപ്പിരിയാൻ കൂട്ടാക്കാതെ ചില പൈതങ്ങൾ ഭിന്ന വഴിയിലൂടെ വളരും.

ഭിന്നശേഷിക്കാരെന്നവർ അറിയപ്പെടും.


ഭൗതിക ലോകത്ത് കഠിന പ്രയത്നം നടത്തി മാത്രം ജീവിതം നയിക്കാൻ പാകത്തിലാണ് മനുഷ്യപ്രകൃതം.

എന്നാൽ യാതൊരദ്ധ്വാനവും ബാധ്യതയും ഏൽപ്പിക്കപ്പെടാത്ത ചില സവിശേഷ വ്യക്തിത്വങ്ങളുണ്ട് മനുഷ്യരിൽ.

സ്വർഗ്ഗത്തിനായി മാത്രം ഒരുക്കിയയക്കപ്പെട്ടവർ സ്രഷ്ടാവിന്റെ പ്രത്യേകക്കാർ

അത്തരം മനുഷ്യരുടെ ഭൂമിയിലെ രക്ഷാകർതൃത്വം ആരെയെങ്കിലും ഏൽപ്പിച്ചാൽ പോരല്ലോ അതിനാൽ  നാഥന് മാത്രമറിയുന്ന യുക്തിയിൽ ചിലർ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഭൂമിയിൽ. സ്വർഗ്ഗാവകാശികളെ പെറ്റു പോറ്റാൻ അവസരം ലഭിച്ച മഹതികളായ മാതാക്കൾ

മറ്റുള്ളവർ, മക്കളെ തനിച്ചാക്കിയോ ബന്ധുക്കളെ ഏൽപ്പിച്ചോ സ്കൂളിലയച്ചോ വീടിന് വെളിയിൽ പോവുന്നത് പോലെ അവർക്ക് കഴിയില്ല

പടച്ചോന്റെ ആ പ്രത്യേകക്കാർ വിരുന്നു വന്ന നാൾ മുതൽ സകല സഞ്ചാരങ്ങൾക്കും അവധി കൊടുത്ത് വീടിനകത്ത് സ്നേഹസഹനത്തിന്റെ വിസ്മയ പ്രപഞ്ചം സംവിധാനിച്ച ഉമ്മമാരേക്കാൾ വലിയ ദൃഷ്ടാന്തം മറ്റെന്തുണ്ട് ഭൂമിയിൽ !

ഈ മാതാക്കൾ ഇരട്ട പദവിയുള്ളവരാണ്.

ഉമ്മമാർ എന്നതും പടച്ചവന്റെ പ്രത്യേകക്കാരുടെ ഉമ്മമാർ എന്നതുമാണത്.

പരലോകത്തെ പ്രത്യേക പരിഗണനക്ക് കൂടൂതൽ തയ്യാറെടുപ്പ് നടത്തുകയാണവർ വേണ്ടത്.

ഭിന്നശേഷിയുള്ളവരുടെ പരിപാലനത്തിന് വേണ്ടി വരുന്ന ത്യാഗം ഔദാര്യമല്ല, പടച്ചവന്റെ തൃപ്തി എളുപ്പമാക്കുന്ന അവസരമായാണപ്പോൾ ഉൾക്കൊള്ളാനാവുക.


വിതറപ്പെട്ട മുത്തുമണികൾ പോലെ സ്വർഗത്തിലെ നിത്യബാലികാബാലൻമാരായി മക്കൾ വരുമ്പോൾ  അവരെ ചൂണ്ടി അഭിമാനിക്കാൻ സാധിക്കുമ്പോഴാണ് ഈ പ്രത്യേകക്കാരുടെ ഉമ്മമാരുടെ ആദരവ് പൂർണമാവുക.


ഭൗതികതയുടെ വ്യാമോഹത്തിൽ മാതാവെന്ന മഹനീയ പദവി കളഞ്ഞു പോകാതെ കരുതണം. കുഞ്ഞിന് സ്നേഹവും കാരുണ്യവും വാത്സല്യവും പിടിച്ചുവെക്കലില്ലാതെ ലഭിക്കണം.

ഏത് ഘട്ടത്തിലും അഭയമാവാൻ ഒരുങ്ങി നിൽക്കണം. ലോകത്താരും പരിഗണിച്ചില്ലെങ്കിലും എന്റെയുമ്മയുടെയടുത്ത് എനിക്ക് രാജകീയ പദവിയുണ്ടെന്ന് ഓരോ മക്കൾക്കും സമാധാനമുണ്ടാവണം.

നട്ടുച്ചയിൽ തണലായി കൊടും ചൂടിൽ കുളിരായി പെരുമഴയിൽ കുടയായി ദാഹിക്കുമ്പോൾ കുടിനീരായി അസ്വസ്ഥപ്പെടുമ്പോൾ തലോടലായി ഓരോ കുഞ്ഞിനും ഉമ്മയെ അനുഭവിക്കാനാവണം


അദ്ധ്യാപികയും ന്യായാധിപയും പരിശീലകയുമാണ് ഉമ്മ.

മക്കൾ പലതരമെങ്കിലും അവരിലേക്ക് ഒരേ ദൂരമുള്ള പാലമാണുമ്മ.

ലോകത്തിന്റെ ഏതുകോണിലായാലും നാവിൽ വരുന്ന ആദ്യമന്ത്രമാണുമ്മ.


വിശ്വാസം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും കാലിനടിയിലെ സ്വർഗത്തെ നഷ്ടപ്പെടുത്താതെ ജാഗ്രത വേണം.

നല്ല മക്കൾ പരലോകത്ത് വെച്ച് , "എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ." (17:24)

എന്ന് മാതാപിതാക്കൾക്ക് വേണ്ടി പ്രാര്‍ഥിക്കുമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്.


കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ എന്ന്.

കുട്ടികളോടുള്ള ഉത്തരവാദിത്വം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി നിർവ്വഹിക്കുമ്പോഴാണ് പെണ്ണ് ഉമ്മയാവുന്നത്.

കാലിനടിയിൽ മക്കളുടെ സ്വർഗമുള്ള ഉമ്മ


sibnuhamza@gmail.com



Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

അവളും അവനും ഒരേ സത്തയില്‍ നിന്ന്