വസന്തകാലത്തിന്റെ ആത്മാവ്




വിശ്വാസികളുടെ സീസണാണ് പരിശുദ്ധ റമദാന്‍മാസം. എല്ലാ കച്ചവടക്കാര്‍ക്കും ഓരോ സീസണ്‍ ഉണ്ടാകും. ആ സീസണിലാണ് പരമാവധി ലാഭം കൊയ്യാന്‍ കച്ചവടക്കാര്‍ പരിശ്രമിക്കാറുള്ളത്. പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ദൈവിക സാമീപ്യം സിദ്ധിക്കുവാനും സത്യവിശ്വാസികള്‍ക്ക് വന്നുകിട്ടിയിട്ടുള്ള അസുലഭമായ സന്ദര്‍ഭമാണ് റമദാന്‍ മാസം.   സത്യത്തിലേക്ക് മാര്‍ഗദര്‍ശം ലഭിക്കുന്നതിന് വേണ്ടി അവതീര്‍ണമായ പരിശുദ്ധ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ പാലിക്കുകയും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യാന്‍ കൂടുതലായി പരിശുദ്ധ ഗ്രന്ഥത്തോട് അടുപ്പം പുലര്‍ത്തുന്ന സന്ദര്‍ഭമാണ്  റമദാന്‍മാസം. തീര്‍ച്ചയായും മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് അവന്റെ ശാരീരിക അവയവങ്ങള്‍ മാത്രമല്ല, ശാരീരിക അവയവങ്ങള്‍ക്ക് അസുഖം ബാധിക്കുകയും വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പോലും ആത്മവിശ്വാസത്തോടുകൂടി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ആളുകളെ നമുക്കറിയാം.  മനുഷ്യ ജീവിതത്തിന് കരുത്തും   ധൈര്യവും നല്‍കുന്നത് മനുഷ്യന്റെ വിജയത്തിന്റെ നിദാനമായി പ്രവര്‍ത്തിക്കുന്നത് അവന്റെ ആത്മാവാണ് . ആ ആത്മാവീന്റെ ശക്തിയും ആത്മാവിന്റെ നിര്‍മലതയുമാണ് യഥാര്‍ഥത്തില്‍ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ആ ആത്മാവിന് കരുത്ത് പകരാനും ആത്മാവിന്റെ ദൗലര്‍ബല്യങ്ങളെ തുടച്ചുനീക്കുവാനുമുള്ള സന്ദര്‍ഭമാണ് റമദാന്‍. അഥവാ ആത്മവിശുദ്ധിയുടെ വസന്തകാലമാണ് റമദാന്‍ മാസം എന്ന് പറയുന്നത്. മനുഷ്യന്റെ അകം നന്നാക്കുവാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍ മുഴുകുന്നത്. പരമാവധി ആരാധനയിലൂടെ, പരമാവധി ദൈവീക കല്‍പ്പനകള്‍ പാലിക്കുവാന്‍ ജാഗ്രത കാണിക്കുകയും ആവേശം കാണിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ ആത്മവിശുദ്ധി മനുഷ്യന്‍ നേടിയെടുക്കുന്നത്. ആത്മവിശുദ്ധിയുള്ള മനുഷ്യനായി പരിവര്‍ത്തിതനാവുകയും ഇനി വരാനുള്ള 11 മാസക്കാലത്തേക്ക് ഈ ഒരുമാസം നേടിയെടുത്ത കരുത്തുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. വര്‍ഷത്തില്‍ ഒരു മാസം ആരാധനകളില്‍ മുഴുകുകയും മിച്ചംവരുന്ന ബാക്കി മാസങ്ങളില്‍ അലസനായി ജീവിക്കുകയും ചെയ്യുക എന്നതല്ല. ബാക്കിവരുന്ന പതിനൊന്ന് മാസത്തേക്ക് കൂടിയുള്ള ഇന്ധനം കരുതിവെക്കുകയാണ് ഈ മാസത്തില്‍ അവന്‍ കൂടുതലായി ആരാധനകളില്‍ മുഴുകുന്നതിലൂടെ ചെയ്യുന്നത്. പ്രപഞ്ചനാഥന് വഴിപ്പെട്ട് ജീവിക്കുവാന്‍ പ്രപഞ്ച നാഥന് മുന്നില്‍ കൂടുതല്‍ വിനയാന്വിതനായി തീരുവാന്‍ എങ്ങനെ തന്റെ ശരീരത്തെ പരിശീലിപ്പിക്കാം എന്ന അന്വേഷണമാണ് എന്ന പരീക്ഷണമാണ് ഈ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ നടത്തുന്നത്. ശരീരത്തിന്റെ ഇച്ഛകള്‍ക്കല്ല. ദൈവത്തിന്റെ ഇച്ഛകള്‍ക്ക് സ്ഥാനം കല്‍പ്പിക്കാന്‍ എനിക്ക് സാധിക്കും എന്ന പാഠം, സ്വന്തത്തെത്തന്നെ പഠിപ്പിക്കുകയാണ് വിശ്വാസികള്‍. ദാഹമുണ്ടായിരിക്കെ വിശപ്പുണ്ടായിരിക്കെ കഴിക്കാന്‍ ഭക്ഷണവും വെള്ളവും തന്റെ കയ്യെത്തും ദൂരത്ത് മുന്നില്‍ തന്റേതുതന്നെ ഉണ്ടായിരിക്കെ എനിക്ക് ദാഹത്തെ അവഗണിക്കാന്‍ കഴിയുമെന്ന് എന്റെ ശരീരത്തിന്റെ ഇച്ഛകളെ ദൈവേച്ഛക്ക് വേണ്ടി അവഗണിക്കാന്‍ സാധിക്കുമെന്ന്, എന്നിട്ട് ദൈവത്തിന്റെ ഇച്ഛക്ക് പ്രാധാന്യം നല്‍കാന്‍ എനിക്ക് കഴിയുമെന്ന് സ്വന്തത്തെതന്നെ ബോധ്യപ്പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ആ ബോധ്യമാണ് ബാക്കിയുള്ള കാലങ്ങളില്‍ കൂടി ആത്മീയ വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്.
ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍, പരിശുദ്ധ റമദാന്‍ മാസത്തിന്റെ പുണ്യങ്ങള്‍ പരമാവധി വാരിക്കൂട്ടുന്ന തിരക്കിലാണ് ഇപ്പോഴുള്ളത്.
                          റമദാന്‍ എന്നുപറയുന്നത്, ഒരു മാസത്തിന്റെ പേരാണ്. കഴിഞ്ഞ മാസത്തിന്റെ പേര് ശഅ്ബാന്‍ എന്നായിരുന്നു. റമദാനിന് ശേഷം വരാനുള്ള മാസത്തിന് ശവ്വാല്‍ എന്നാണ് പേരുപറയുക. എന്താണ് ശഅ്ബാന്‍ മാസത്തിനും ശവ്വാല്‍ മാസത്തിനും ഇല്ലാത്ത സവിശേഷത റമദാന്‍ മാസത്തിന് ഉള്ളത് എന്ന് നാം അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യം, ഈ റമദാന്‍ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത്   എന്നതാണ്  .  ഖുര്‍ആന്‍ തന്നെ അതേക്കുറിച്ച് പറയുന്നുണ്ട്. .എന്താണ് പരിശുദ്ധ ഖുര്‍ആന്‍, ഹുദന്‍ ലിന്നാസ്, അത് ജനങ്ങള്‍ക്ക് വെളിച്ചമാണ്. സന്മാര്‍ഗമാണ്. ഏതെങ്കിലും ഒരു സമുദായത്തിനോ ഏതെങ്കിലും ഒരു പ്രത്യേക ദേശക്കാര്‍ക്കോ ഒരു കാലഘട്ടത്തില്‍ ജീവിച്ച ആളുകള്‍ക്കോ മാത്രമല്ല, അന്നാസ് എന്ന് പറയുമ്പോള്‍ ലോകത്തെമ്പാടുമുള്ള മുഴുവന്‍ മനുഷ്യരുമാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. അപ്പോള്‍ ലോകത്തെമ്പാടുമുള്ള എല്ലാ മനുഷ്യര്‍ക്കും സന്‍മാര്‍ഗമായിക്കൊണ്ടാണ് ഈ ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത്. വബയ്യിനാത്തിന്‍ മിനല്‍ ഹുദ: ആ വെളിച്ചത്തില്‍ നിന്നുള്ള വിശദീകരണം. വല്‍ഫുര്‍ഖാന്‍, സത്യാസത്യവിവേചനവുമാണ് അത്. എന്താണ് സത്യമെന്നും എന്താണ് അസത്യമെന്നും എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും വേര്‍തിരിച്ച് മനുഷ്യന് വളരെ കൃത്യമായി വിശദീകരിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടിയാണ് രിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ തന്നെ അവകാശപ്പെടുന്ന, ഖുര്‍ആനിനെ കുറിച്ച് ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ആ ഖുര്‍ആന്‍ അവതരിച്ചു എന്നതാണ് ഈ റമദാന്‍ മാസത്തിന്റെ സവിശേഷത എന്നുപറയുന്നത്. അതുകൊണ്ട് അതിനോടുള്ള ആദരവും നന്ദി സൂചകവുമായി പ്രപഞ്ചനാഥന്റെ കല്‍പ്പന അനുസരിച്ചുകൊണ്ട് നിങ്ങള്‍ റമദാന്‍ മാസത്തിന്റെ പകലുകളില്‍ വ്രതമനുഷ്ഠിക്കേണ്ടതാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് നിങ്ങള്‍ പ്രപഞ്ചനാഥനോട് കൂടുതല്‍ വഴിപ്പെടുകയും അവനോട് കൂടുതല്‍ അടുക്കുകയും ആരാധനകളില്‍ മുഴുകുകയും ചെയ്യേണ്ടതാണ്. പകലുകളില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുകയും രാവുകളില്‍ കൂടുതല്‍ കൂടുതലായി പ്രപഞ്ചനാഥന് പ്രണാമങ്ങളര്‍പ്പിച്ച് ആരാധനകള്‍ നിര്‍വഹിച്ച് നമസ്‌കാരം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഏറ്റവും പ്രധാനം ഈ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ ആ ഖുര്‍ആനിലേക്ക് കൂടുതലായി അടുക്കാനും ആ ഖുര്‍ആനിനെ കൂടുതലായി മനസ്സിലാക്കാനും വേണ്ടി പരിശ്രമിക്കുക എന്നതാണ്. തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും നല്ലതിലേക്ക് വഴിനടത്തുന്ന ഗ്രന്ഥമാകുന്നു എന്ന് ഖുര്‍ആന്‍ തന്നെ അവകാശപ്പെടുന്നു.
               വേദഗ്രന്ഥങ്ങള്‍ ലോകത്ത് ധാരാളമായി വായിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആ വേദഗ്രന്ഥങ്ങള്‍ ധാരാളമായി വായിക്കപ്പെടുന്നു എന്നതിന്റെ ഫലം പലപ്പോഴും സമൂഹത്തില്‍ നമുക്ക് പ്രകടമായി കാണുന്നില്ല. എന്തുകൊണ്ടാണ് വിശ്വാസികള്‍ വര്‍ധിക്കുകയും അനുഷ്ഠാനങ്ങള്‍ സജീവമാവുകയും വേദഗ്രന്ഥങ്ങള്‍ ധാരാളമായി പാരായണം ചെയ്യപ്പെടുകയും ചെയ്തിട്ടും ,  അതിന്റെ സല്‍ഫലങ്ങള്‍ ഈ ലോകത്ത് പ്രകടമാകാത്തത്. ഉത്തരം വളരെ ലളിതമാണ്. ആ ഗ്രന്ഥങ്ങളുടെ പാരായണം, കേവലം നാവുകൊണ്ട് മാത്രമായി പരിമിതപ്പെടുന്നു എന്നതാണ്. ഒരു അനുഷ്ഠാനം എന്നുള്ള നിലക്ക് തൊലിപ്പുറമെ നാവുകൊണ്ടുള്ള കേവല മന്ത്രങ്ങള്‍ ഉരുവിടല്‍ മാത്രമായി വേദഗ്രന്ഥങ്ങളുടെ പാരായണം ചുരുങ്ങിപ്പോകുന്നു.  യഥാര്‍ഥത്തില്‍ ഹൃദയത്തോടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. ഹൃദയത്തിന്റെ ഭാഷയിലാണ് ഖുര്‍ആന്‍ ചിട്ടപ്പെടുത്തിയിട്ടും ഉള്ളത്. ഖുര്‍ആന്‍ ഒരാവര്‍ത്തി വായിക്കുന്നവര്‍ക്കറിയാം. മറ്റേതൊരു പുസ്തകവും പോലെയല്ല ഖുര്‍ആനിന്റെ ഘടന എന്നത്. മനുഷ്യന്റെ ഹൃദയം, അത് ഒന്നില്‍നിന്ന് മാറി മറ്റൊന്നിലേക്ക്. അവിടെനിന്ന് മാറി വേറെയൊന്നിലേക്ക് അല്‍പ സമയം കൊണ്ടുതന്നെ ധാരാളം  കാര്യങ്ങളെക്കുറിച്ച് മാറിമാറി ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയതുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രകൃതമാണ് മനുഷ്യന്റേ ഹൃദയത്തിനുള്ളത്. ഖുര്‍ആന്‍ ആ ഹൃദയത്തിന്റെ ഭാഷയില്‍ തന്നെ സംസാരിക്കുന്നു. ഒരു അധ്യായത്തില്‍ തന്നെ ചരിത്രവും വര്‍ത്തമാനവും കല്‍പ്പനകളും നിരോധങ്ങളും മുന്നറിയിപ്പുകളും സന്തോഷവാര്‍ത്തകളും മാറിമാറി ഹൃദയത്തിന്റെ ചാഞ്ചാട്ടം പോലെത്തന്നെ ആ ഹൃദയത്തിന് പാകപ്പെട്ട രീതിയില്‍ മനുഷ്യനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ വേദഗ്രന്ഥത്തെ നാവുകൊണ്ട് പാരായണം ചെയ്യുകയോ കാതുകൊണ്ട് കേള്‍ക്കുകയോ ചെയ്യുന്നേടത്ത് അതിനെ പരിമിതപ്പെടുത്തിയാല്‍ അതിന്റെ ഫലം ഈ സമൂഹത്തിന്ന് ലഭിക്കുകയില്ല. സമൂഹത്തിലെ ഓരോ അംഗങ്ങള്‍ എന്ന നിലക്ക് ഓരോ വ്യക്തികള്‍ക്കും ലഭിക്കുകയില്ല. വ്യക്തിക്കും സമൂഹത്തിനും അതിന്റെ സല്‍ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഹൃദയത്തിലേക്ക് ആ വേദഗ്രന്ഥത്തിലെ കല്‍പ്പനകളെ, വാക്കുകളെ പ്രവേശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്. പ്രവാചകന്റെ സ്വഭാവമെന്താണ് എന്ന് പ്രവാചക പത്‌നിയോട് ചോദിച്ചപ്പോള്‍, പ്രവാചക പത്‌നി നല്‍കിയ മറുപടി, അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നാണ്. അഥവാ ജീവിക്കുന്ന ഖുര്‍ആനായിരുന്നു പ്രവാചകന്‍. പ്രവാചകന്റെ ഇരുപത്തിമൂന്നു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് പ്രവാചകന്‍ സാധിച്ചെടുത്ത മഹാവിപ്ലവം എന്നുപറയുന്നത് പ്രപഞ്ച നാഥന്റെ വാക്കുകളായ പരിശുദ്ധ ഖുര്‍ആനിന്റെ  ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരുപാട് പതിപ്പുകളെ സൃഷ്ടിച്ചു എന്നുള്ളതാണ്. ആ വേദഗ്രന്ഥം ഏടുകളില്‍ ഒതുങ്ങിനില്‍ക്കുകയല്ല. വേദഗ്രന്ഥത്തിലെ മൂല്യങ്ങള്‍ പ്രപഞ്ചത്തില്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന ജീവനുള്ള അനുഭവങ്ങളാക്കി മാറ്റാന്‍ പ്രവാചകന് സാധിച്ചു എന്നതാണ്. നമ്മുടെ അലമാരകളില്‍ നിന്ന് നമ്മുടെ ഇലക്ടോണിക് ഉപകരണങ്ങളില്‍ നിന്ന് ഈ വേദഗ്രന്ഥത്തിന്റെ വാക്കുകളെ മനുഷ്യന്റെ ഹൃദയത്തിലേക്കും അതിന് ശേഷം അവന്റെ സകല പ്രവര്‍ത്തന മേഖലകളിലേക്കും നമുക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഈ വേദഗ്രന്ഥം നല്‍കുന്ന, അത് പ്രസരിപ്പിക്കുന്ന വെളിച്ചം അതിന്റെ നന്മ ഈ സമൂഹത്തിന്ന് ലഭ്യമാക്കിയെടുക്കുവാന്‍ സാധിക്കുന്നതാണ്. കടലുപോലെയാണ് പരിശുദ്ധ ഖുര്‍ആന്‍. കേവലം കാഴ്ചക്കാരായി കടല്‍ക്കരയില്‍ നില്‍ക്കുന്നവര്‍ക്ക് അത്രയളവില്‍ അതിന്റെ ഫലം ലഭിക്കും. എന്നാല്‍, അല്‍പംകൂടി മുന്നോട്ടുചെന്ന് കാലുകഴുകി കയറിവരാന്‍ തീരുമാനിക്കുന്നവര്‍ക്ക് ആ കടലില്‍ നിന്ന് കാലുനനക്കുന്ന അത്രയും ഉപകാരം ലഭിക്കും. വേണമെങ്കില്‍ അതില്‍നിന്നും മത്സ്യങ്ങള്‍ ശേഖരിക്കാം. അതുമല്ലെങ്കില്‍ മുത്തുംപവിഴവും വരെ ശേഖരിക്കാന്‍ കഴിയും. അതുപോലെ പരിശുദ്ധ വേദഗ്രന്ഥത്തെ മാറിനിന്ന് ആസ്വദിക്കാം. അതിനെ കേവല പാരായണം ചെയ്യാം. അതല്ലെങ്കില്‍ അതിനെ ജീവിതത്തില്‍ പകര്‍ത്തി പ്രയോജനപ്പെടുത്താം.
ഈ പരിശുദ്ധ റമാദാന്‍ മാസത്തില്‍ അവതരിച്ച അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് നമ്മെ വഴിനടത്തുന്നു. എന്നു മാത്രമല്ല, ഇത് പ്രപഞ്ച നാഥനിലും അന്ത്യപ്രവാചകരിലും വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ആരാണ് ആ സത്യവിശ്വാസികളെന്നല്ലേ. അവര്‍ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണ്. വിശ്വാസമെന്നത് മനസ്സിനകത്ത് ആര്‍ക്കുമാര്‍ക്കും അറിയാത്ത ഏതോ നിഗൂഢമായ ഒരു തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. സത്യവിശ്വാസികള്‍ സത്യവിശ്വാസം സ്വീകരിക്കുന്നതോടുകൂടി അവര്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവരായി തീരുന്നു.  മനുഷ്യര്‍ മുഴുവനും നഷ്ടത്തിലാവുന്നു എന്ന് ഖുര്‍ആനില്‍ ഒരിടത്ത് പ്രസ്താവനയുണ്ട്. എന്നിട്ട് പറയുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും സത്യംകൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ എന്ന്. അഥവാ, മനുഷ്യസമൂഹത്തിന്ന് വിജയം ഉണ്ടാകണമെങ്കില്‍ അവര്‍ വിശ്വസിക്കുകയും അതോടൊപ്പം ആ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രതികരണം എന്ന രീതിയില്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും പരസ്പരം ഏഷണിയുടെയും സംഘര്‍ഷത്തിന്റെയും വാക്കുകളല്ല. പരസ്പരം സത്യംകൊണ്ടും സഹനംകൊണ്ടും ഉപദേശിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അവിടെ സൂചിപ്പിച്ചത്. അപ്പോള്‍ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. അവര്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന ആളുകളാണ്. അവര്‍ക്ക് ഏറ്റവും മഹത്തരമായ പ്രതിഫലവും ലഭിക്കുന്നതാണ് എന്ന് ഖുര്‍ആന്‍ പറയുന്നു.
                         വിശ്വാസികള്‍ക്ക് കാരുണ്യവും അതുപോലെ ശമനവുമാണ് ഈ ഖുര്‍ആന്‍ അവതരിച്ചതിലൂടെ സംഭവിക്കുന്നത്. മനുഷ്യന്‍ ഏറ്റവും ശക്തനും ബുദ്ധിമാനും ഒരുപാട് കഴിവുകളുമുള്ളവനാണ് എന്നതോടൊപ്പം ഏറ്റവും അശക്തനും ദുര്‍ബലനും വളരെ വളരെ കഴിവുകെട്ടവനും കൂടിയാണ് എന്ന് നാം മനസ്സിലാക്കിയിട്ടുള്ളതാണ്. നമുക്ക് ഇന്നലകളെ വളരെക്കുറച്ച് മാത്രമേ അറിയുകയുള്ളൂ. ഇന്നിനെക്കുറിച്ചും ഒരുപാട് പരിമിതികള്‍ നമുക്കുണ്ട്. നാളെക്കുറിച്ച് നമുക്ക് യാതൊന്നും തന്നെ അറിയുകയില്ല എന്നത് വസ്തുതയുമാണ്. അപ്പോള്‍ വളരെ കുറഞ്ഞ അനുഭവങ്ങളും വളരെ കുറഞ്ഞ അറിവും വളരെ കുറഞ്ഞ കഴിവും ഉള്ളവരാണ് മനുഷ്യര്‍. എന്നാല്‍, ഈ മനുഷ്യ സമൂഹം അഭിമുഖീകരിക്കുന്ന കാര്യങ്ങളോ അത്യധികം സങ്കീര്‍ണമായ കാര്യങ്ങളാണ്. ഏവരും മനശാന്തി കൊതിക്കുന്നവരാണ്. എല്ലാ പ്രശ്‌നങ്ങില്‍ നിന്നുമുള്ള പരിഹാരം, എല്ലാ പ്രയാസങ്ങളില്‍നിന്നുമുള്ള മോചനം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതിന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഏക പരിഹാരം  പ്രപഞ്ച നാഥനിലേക്ക് മടങ്ങുക എന്നതാണ്. ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും മനുഷ്യര്‍ക്ക് വേണ്ടി ഈ ലോകത്തെത്തന്നെയും സൃഷ്ടിച്ച് സംവിധാനിച്ച് ഭദ്രമായി വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തി ഇതിനെ പരിപാലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചനാഥന്‍, ആ പ്രപഞ്ചനാഥന്റെ കല്‍പ്പനകളിലേക്ക് അവന്റെ നിയമ നിര്‍ദേശങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് മാത്രമാണ് മനുഷ്യന്റെ വിമോചനത്തിനുള്ള വഴി എന്ന് ഖുര്‍ആന്‍ അടിക്കടി ഉല്‍ബോധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഖുര്‍ആന്‍ മാനവരാശിയെ സംബന്ധിച്ചിടത്തോളം വലിയ ശമനൗഷധമാണ്. അതുപോലെ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍ അതിനെ സ്വയം പരിജയപ്പെടുത്തുന്നുണ്ട്. ആ ഖുര്‍ആന്‍ അവതരിച്ചു എന്നതാണ് ഈ പരിശുദ്ധ മാസത്തിന്റെ പ്രത്യേകത എന്ന് നാം ആവര്‍ത്തിച്ച് മനസ്സിലാക്കുക. എന്നാല്‍, ഇത് ശമനൗഷധവും ഇ്ത കാരുണ്യവുമൊക്കെയാവുന്നത് ദൈവത്തെ അറിയുകയും അവനെ അന്വേഷിക്കുകയും ചെയ്യുന്ന സല്‍ക്കര്‍മങ്ങളാചരിക്കാന്‍ തയ്യാറാകുന്ന സുമനസ്സുകള്‍ക്കാണ് എന്ന്കൂടി നാമറിയുക.
                  . പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന, വിഷമിച്ചുകൊണ്ടിരുന്ന മനുഷ്യനെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണവും കുടുസ്സായതുമായ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കുമല്ല പരിശുദ്ധ വേദഗ്രന്ഥം നയിക്കുന്നത്. എല്ലാ അന്ധകാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും എല്ലാ ഇരുട്ടുകളില്‍നിന്നും മനുഷ്യനെ വെളിച്ചത്തിലേക്ക്, യഥാര്‍ഥ വിശ്വാസത്തിലേക്ക്, യഥാര്‍ഥ വിമോചനത്തിലേക്കാണ് പരിശുദ്ധ വേദഗ്രന്ഥം  നയിക്കുന്നത്. വേദഗ്രന്ഥത്തെ കുറിച്ച് യഥാര്‍ഥ ജ്ഞാനമില്ലാത്തവരാണ് അന്ധവിശ്വാസത്തിന്ന് വേണ്ടി ഈ വേദഗ്രന്ഥത്തെത്തന്നെയും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് എന്നും നാമറിയുക. യഥാര്‍ഥത്തില്‍ ദൈവീക വചനങ്ങള്‍ ആണ് പരിശുദ്ധ ഖുര്‍ആന്‍ എന്ന് പറയുന്നത്. അഥവാ, ഖുര്‍ആനിനോടൊപ്പം എന്നാല്‍, ഈ പ്രപഞ്ചത്തിന്റെ നാഥനോടോപ്പം എന്നതാണ്. ഈ പ്രപഞ്ചത്തിന്റെ നാഥന്‍ കാരുണ്യവാനാണ്. പരിശുദ്ധ ഖുര്‍ആനില്‍  ദൈവത്തിന്ന് ,  ഏറ്റവും കൂടുതല്‍ പര്യായപദമായി പ്രയോഗിച്ചിട്ടുള്ളത് അറഹ്മാന്‍ എന്ന പദമാണ്. എല്ലാ അധ്യായങ്ങളും പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. അഥവാ, എല്ലാവര്‍ക്കും കരുണ ചൊരിയുന്നവനാകുന്നു ദൈവം. വായു നല്‍കിയതുപോലെ വെളിച്ചം നല്‍കിയതുപോലെ വെള്ളം നല്‍കിയതുപോലെ യാതൊരു വിവേചനവുമില്ലാതെ മുഴുവനാളുകള്‍ക്കും മുഴുവന്‍ സൃഷ്ടികള്‍ക്കും കാരുണ്യം ചെയ്യുന്ന മഹത്തായ കരുണയുടെ ഉടമയാണ് പ്രപഞ്ചനാഥന്‍ എന്നര്‍ഥം. അതുകൊണ്ടുതന്നെ മനുഷ്യനെ കുടുസ്സതകളിലേക്ക് സങ്കീര്‍ണതകളിലേക്ക് സങ്കുചിതത്വങ്ങളിലേക്കല്ല പ്രപഞ്ചനാഥന്‍ ക്ഷണിക്കുന്നത്. യഥാര്‍ഥ വേദഗ്രന്ഥം മനുഷ്യനെ ക്ഷണിക്കുന്നത് വെളിച്ചത്തിലേക്കും വിശാലതയിലേക്കുമാണ്. എല്ലാ അടിമത്തങ്ങളില്‍നിന്നും ഏകനായ ഉടമസ്ഥന്റെ അടിമത്വത്തിലേക്കാണ് ഖുര്‍ആന്‍ മനുഷ്യനെ ക്ഷണിക്കുന്നത്. ദൈവത്തെ ഭയപ്പെടണമെന്ന് അവനോട് ക്തി കാണിക്കണമെന്ന് അവന് മുമ്പില്‍ മാത്രം നിങ്ങള്‍ തല കുമ്പിടണമെന്ന് പറയുമ്പോള്‍ ഈ ലോകത്ത് സമത്വ സുന്ദരമായ പരസ്പരം ഭയപ്പെടേണ്ടതില്ലാത്ത ആരും ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ലാത്ത സമത്വ സുന്ദരമായ ഒരു ലോകം പണിയാനുള്ള ആഹ്വാനമാണ് അതിലൂടെ ഖുര്‍ആന്‍ നല്‍കുന്നത്. നിങ്ങളെവിടെ പോവുകയാണെങ്കിലും ഒറ്റക്കാണെങ്കിലും കൂട്ടായാണെങ്കിലും നിങ്ങള്‍ സ്വകാര്യ ജീവിതത്തിലാണെങ്കിലും പൊതുപ്രവര്‍ത്തനത്തനിടയിലാണെങ്കിലും നിങ്ങളെവിടെയാണെങ്കിലും അവിടെയെല്ലാം നിങ്ങളുടെ രക്ഷകനായി നിങ്ങളുടെ നിരീക്ഷകനായി, നിങ്ങളുടെ സംരക്ഷകനായി, നിങ്ങളുടെ വഴികാട്ടിയായി ദൈവമുണ്ട് എന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവത്ത സംബന്ധിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്, അവന്‍ ഉറക്കവും മയക്കവുമില്ലാത്തവനാണ് എന്നതാണ്. അവന്‍ മറവിയും ദൗര്‍ബല്യങ്ങളും ഇല്ലാത്തവനാണ് എന്നതാണ്. അവന്‍ വിശ്രമം ആവശ്യമില്ലാത്തവനാണ് എന്നതാണ്. അവന്‍ ഏതെങ്കിലും ഒരു പരിമിതി അനുഭവിക്കുന്നവനല്ല എന്നതാണ്. എല്ലാ പരിമിതികള്‍ക്കും മേലെയാണ്, എല്ലാ ദൗര്‍ബല്യങ്ങള്‍ക്കും അപ്പുറത്താണ്, എല്ലാ തടസ്സങ്ങള്‍ക്കും അപ്പുറത്താണ് പ്രപഞ്ചനാഥന്‍ ഉള്ളത്. അതുകൊണ്ടുതന്നെ ആ പ്രപഞ്ചനാഥനോട് രാവിലോ പകലിലോ ഒറ്റക്കോ കൂട്ടായോ ഏത്  സന്ദര്‍ഭത്തില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് സംസാരിക്കാനും സഹായമഭ്യര്‍ഥിക്കാനും സാധിക്കും. അവന്‍  വിമോചനത്തിന്റെ മാര്‍ഗം തുറന്ന് അവന്റെ അടിമകളായ സൃഷ്ടികള്‍ക്ക് മുമ്പാകെ കാരുണ്യത്തിന്റെ ചിറക് വിടര്‍ത്തി കാത്തിരിക്കുകയും കാരുണ്യത്തിന്റെ ഭവനത്തിലേക്ക് സമാധാനത്തിന്റെ ഭവനത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയുമാണ് ചെയ്യുന്നത്. ഓരോരുത്തരുടെയും കര്‍മങ്ങളെ അവന്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവന്‍ ആ കര്‍മങ്ങള്‍ക്ക് തക്കതായ പ്രതിഫലവും നല്‍കുന്നതാണ്. ആരോടും അനീതി കാണിക്കാത്ത ഒരു ലോകം അതിന് വേണ്ടി പ്രപഞ്ചനാഥന്‍ മനുഷ്യരുടെ മുമ്പാകെ സൃഷ്ടിച്ചു. അവര്‍ക്ക് നീതിപൂര്‍വം വിധിനടത്തുന്നതുമാണ് എന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. 

Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്