ദുരന്ത ഭൂമിയിൽ





ഭൂകമ്പമുണ്ടായി രണ്ട് നാളുകൾക്ക്  ശേഷം നടക്കാനിറങ്ങിയതായിരുന്നു ഞാൻ. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കുന്ന തീവ്ര ശ്രമത്തിലാണ് രക്ഷാ പ്രവർത്തകർ . ഭൂരിഭാഗവും തകർന്ന് വീണ ഒരു കെട്ടിടത്തിനടുത്ത് ഒരാൾ ഇരിക്കുന്നു. കഴുത്തോളം മണ്ണിനടിയിൽ പെട്ടുപോയ മകന് എന്തോ കുടിക്കാൻ നൽകുകയാണ് അയാൾ. അയാളുടെ ബന്ധുക്കളെല്ലാം മരണപ്പെട്ടിരിക്കുന്നു. തൊട്ടടുത്തുള്ള മൃത ശരീരം അയാളുടെ ഭാര്യയുടേതാണ് . ഈ കുട്ടി മാത്രമാണ് സ്വന്തമെന്നു പറയാൻ ബാക്കിയുള്ളത് . കരയാൻ പോലുമാവാത്ത അവസ്ഥയിലാണ് അയാളുള്ളത്‌. കുട്ടിയെ എങ്ങിനെയെങ്കിലും പുറത്തെടുക്കണം. പക്ഷെ എങ്ങിനെ ?! ഞാനടുത്തു ചെന്നു. ആ പിതാവിൻറെ ദുഃഖത്തിൽ പങ്കു ചേരാനല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല.

അല്പം കഴിഞ്ഞു രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഒരു ബുൾഡോസർ വന്നു. മണ്ണിനടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനാവുമെന്നു ഓപ്പറേറ്റർ പിതാവിനെ സമാധാനിപ്പിച്ചു. കുട്ടിക്ക് വെള്ളം നൽകികൊണ്ടിരിക്കുന്ന പിതാവിനെ അല്പം മാറ്റിയിരുത്തി മണ്ണ് നീക്കുന്ന പണിയാരംഭിച്ചു. ആ പിതാവിൻറെ മുഖത്ത് പ്രതീക്ഷയുടെ നിഴൽ വിരിയുന്നത് കാണാമായിരുന്നു. ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുറ്റത്താണ് കുട്ടി കുടുങ്ങിയിരിക്കുന്നത് . ബുൾഡോസർ മണ്ണ് നീക്കിക്കഴിഞ്ഞാലുടൻ കുട്ടിയെ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ . പക്ഷെ, സംഭവിച്ചത് മറ്റൊന്നാണ് . കെട്ടിടത്തിൽ നിന്ന് അടർന്നു തൂങ്ങി നിൽക്കുന്ന വലിയൊരു കോൺഗ്രീറ്റ് സ്‌ളാബുണ്ടായിരുന്നു. മണ്ണ് കോരാൻ പൊക്കിയ ബുൾഡോസറിന്റെ ഹുക്ക് അബദ്ധത്തിൽ സ്ളാബിൽ തട്ടി. സ്ളാബ് നേരെ വന്നു വീണത് കുട്ടിയുടെ തലയിലേക്കാണ് . പിതാവിന്റെ   അവസാന പ്രതീക്ഷയും കെടുത്തിക്കൊണ്ട് ആ ബാലൻ പരലോകം പൂകി.   മകനെ വിളിച്ചു കരഞ്ഞു കൊണ്ട് ആ പിതാവും തൽക്ഷണം ഹൃദയം പൊട്ടി മരിച്ചു .

അബ്ദുസമദ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് തനിക്ക് നേരിൽ കാണേണ്ടി വന്ന ഈ ഭീകര ദൃശ്യം എന്നോട് വിവരിച്ചത് . ഗുജറാത്തിൽ എനിക്ക് ലഭിച്ച നല്ല രണ്ട് സുഹൃത്തുക്കളാണ് പ്ലസ്‌ടു വിദ്യാർത്ഥികളായ അബ്ദുസ്സമദും ഗുൽസാർ അഹമ്മദും .ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരളത്തിൽ നിന്ന് പുറപ്പെട്ട ഐഡിയൽ റിലീഫ് വിങ്ങിന്റെ ആദ്യ ബാച്ചിൽ ഉൾപ്പെട്ടാണ് ഞാൻ ഗുജറാത്തിലെത്തിയത് .
ഗാന്ധിജിയുടെ ജന്മ നാട്ടിൽ സംഭവിച്ച, ലോകത്തെ ഞെട്ടിച്ച ദുരന്തം നടന്നത് 2001 ജനുവരി 26 നായിരുന്നു. ശാസ്ത്ര പുരോഗതിയുടെ ഉത്തുങ്കതയിലെന്നു  മേനി പറയുന്ന  മനുഷ്യന്റെ,  നിസ്സാരത വിളിച്ചറിയിച്ച സംഭവമായിരുന്നല്ലോ അത് .

റെയിൽവെ  ഐ ആർ ഡബ്ലിയു വിനു വേണ്ടി പ്രത്യേകമൊരുക്കിയ കമ്പാർട്ടു മെന്റിലാണ് ഞങ്ങൾ കേരളത്തിൽ നിന്ന് പുറപ്പെട്ടത് . സിഗ്നൽ പോസ്റ്റുകൾ ഭൂകമ്പത്താൽ താറുമാറായിരുന്നതിനാൽ അഹമ്മദാബാദിൽ നിന്ന് ഗാന്ധിധാമിലേക്ക് ഞങ്ങൾ കയറിയ തീവണ്ടി വളരെ പതുക്കെയാണ് പോയത് . ഇരു വശത്തും തകർന്നതും വിണ്ടു കീറിയതുമായ കെട്ടിടങ്ങൾ ഏതെങ്കിലുമൊരു കെട്ടിടത്തിനെങ്കിലും കേടുപാടുകളില്ലാത്തതുണ്ടോ എന്ന തിരച്ചിലിനു നിരാശയായിരുന്നു ഫലം . കെട്ടിടങ്ങളെല്ലാം പ്രപഞ്ച നാഥന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ചതു പോലെ തോന്നി .

 ഗാന്ധിധാമിൽ നിന്ന് അഹമ്മദാബാദിലേക്ക് വരുന്ന ഒരു ട്രെയിനും ഗാന്ധിധാമിലേക്കു പോകുന്ന ഞങ്ങൾ കയറിയ വണ്ടിയും ഏതോ ഒരു സ്റ്റേഷനിൽ അൽപ നേരം നിന്നു.    വളരെ കുറഞ്ഞ രക്ഷാ പ്രവർത്തകരും ഉദ്യോഗസ്ഥരും പത്രക്കാരും മാത്രമായിരുന്നു ഞങ്ങളുടെ വണ്ടിയിലുണ്ടായിരുന്നത് . എന്നാൽ , ഗാന്ധിധാമിൽ നിന്നു വരുന്ന ട്രെയിൻ ഇനിയൊരാൾക്കു പോലും നിൽക്കാനിടയില്ലാത്ത രീതിയിൽ തിങ്ങി നിറഞ്ഞതായിരുന്നു . അപകടം ഭയന്ന് അവരുപേക്ഷിച്ച നാട്ടിലേക്ക് പോകുന്ന ഞങ്ങളെ അവർ അത്ഭുതത്തോടെ നോക്കി അവരുടെ കണ്ണുകളിൽ നിന്നു വിരഹ ദുഖവും കടുത്ത നിരാശയും വായിച്ചെടുക്കാൻ പ്രയാസമുണ്ടാവില്ല .

ഫെബുവരി മൂന്നിന് പുലർച്ചെ ഞങ്ങളുടെ വണ്ടി ഗാന്ധിധാമിലെത്തി . ദുഖാർത്തമായ മൂകതയോടൊപ്പം കൊടും തണുപ്പ് കൂടിയായപ്പോൾ അന്തരീക്ഷം ഭീകരമായി അനുഭവപ്പെട്ടു .

സ്റ്റേഷനിലെ മരവിച്ചു കിടക്കുന്ന പ്ലാറ്റുഫോമിൽ ഞങ്ങൾ പ്രഭാത നമസ്കാരം നിർവഹിച്ചു . ശേഷം ബസിൽ ഭുജിലേക്ക് പോയി  ഭുജിലെ പ്രസിദ്ധമായ സർപ്പത് ഗേറ്റിനു അരികിലാണ് ബസ് നിന്നത് . ഇതിനുള്ളിൽ ജയിൽ സ്ഥിതി ചെയ്യുന്നു . തകർന്ന് വീണ ജയിലിന്റെ മുറ്റത്തു കൊടി മരത്തിൽ ഒരാഴ്ചക്ക് ശേഷവും അഴിച്ചു മാറ്റാനാളില്ലാതെ ദേശീയ പതാക പാറിപ്പറക്കുന്നത് കാണാമായിരുന്നു.

ഗെയ്റ്റിന് എതിർ വശത്തുള്ള പള്ളിയുടെ സമീപത്ത് ഞങ്ങൾക്ക് താമസിക്കാനൊരു ടെന്റും മെഡിക്കൽ ക്യാമ്പിന് വിശാലമായ സൗകര്യവുമേർപ്പെടുത്തി. ഇതിന്റെ പണി നടക്കുമ്പോൾ തന്നെ  ഞങ്ങളിലൊരു വിഭാഗം ബിൽഡിങ്ങിനടിയിൽ പെട്ട മൃത ശരീരങ്ങൾ പുറത്തെടുത്ത് സംസ്കരിക്കുന്ന ജോലിയും തുടങ്ങി . അമർത്തി പിടിച്ചാൽ വേറിട്ട്  പോരുന്ന വിധത്തിൽ അവയവങ്ങൾ അഴുകികഴിഞ്ഞിരുന്നു .

ഓരോ കുഴിയിൽത്തന്നെ രണ്ടും മൂന്നും നാലും അഞ്ചും പേരെ ഒന്നിച്ചു മണ്ണിട്ട് മൂടുകയായിരുന്നു . തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തെടുക്കുമ്പോൾ മറ്റൊരു കൂട്ടർ ഖബർ കുഴിക്കുന്ന തിരക്കിലായിരിക്കും ഒരാൾക്കുള്ളത് , രണ്ടു പേർക്കുള്ളത്, രണ്ടിലധികം പേർക്കുള്ളത് , എന്നിങ്ങനെ വിവിധ വലുപ്പത്തിലാണ് കുഴികൾ നിർമ്മിച്ചത് .  എത്ര മൃതദേഹങ്ങൾ കിട്ടിയാലും പെട്ടന്ന് ഖബറടക്കം ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു ഇത് .

ഹിന്ദു സഹോദരങ്ങളുടെ മൃതദേഹങ്ങൾ എറിഞ്ഞു കൊണ്ടിരിക്കുന്ന ചിതയിലേക്ക് കൊണ്ട് വെക്കുന്ന രീതിയെ അവിടെ പ്രയോഗികമായുള്ളൂ കരയാനും കർമം ചെയ്യാനും ആരുമില്ലാതെയാണ് ഭൂരിപക്ഷം പേരും രക്ഷാ പ്രവർത്തകരാൽ മറവു ചെയ്യപ്പെട്ടത്

ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ ആദ്യ ദിവസം ഉച്ചയോടെ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു . ഒന്നാം ദിവസം ഉച്ചക്ക് ശേഷം മാത്രം നാന്നൂറിൽ പരം രോഗികൾ ചികിത്സ തേടിയെത്തി . കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും ഭക്ഷണമൊന്നും ലഭിക്കാത്തതിനാൽ അവശരായവരും മലിന ജലം കുടിച്ചതിനാൽ രോഗി കളായവരും ധാരാളമുണ്ടായിരുന്നു .

ഞങ്ങളുടെ ക്യാമ്പിൽ നിന്ന് വിതരണം ചെയ്യുന്ന ബിസ്കറ്റുകളും റസ്കും വാങ്ങി അപ്പോൾ തന്നെ പൊതിയഴിച്ചു ആർത്തിയോടെ തിന്നുന്ന മുതിർന്നവരും കുട്ടികളും കരളലിയിക്കുന്ന കാഴ്ചയായിരുന്നു . ഒരു പാത്രത്തിൽ നിന്ന് മനുഷ്യനും അയാളുടെ ഔദാര്യം കൊണ്ട് അതെ പാത്രത്തതിൽ നിന്നു നായയും പന്നിയും ഭക്ഷണം കഴിക്കുന്നതും കാണേണ്ടി വന്നു.
ഭൂമിയിലേക്ക് താഴ്ന്നതും ഞെരിഞ്ഞമർന്നതും ചെരിഞ്ഞു നിൽക്കുന്നതും പിളർന്നു പോയതുമായ കെട്ടിടങ്ങൾ .  കെട്ടിടത്തിന്റെ അടുത്ത് ചെന്നപ്പോൾ മൃതശരീരങ്ങളുടെ ദുർഗന്ധം . ബുൾഡോസർ ഉപയോഗിച്ച്  കെട്ടിടങ്ങളുടെ കോൺഗ്രീറ് സ്ളാബുകൾ എടുത്തു മാറ്റുമ്പോൾ , തൂങ്ങിക്കിടക്കുന്ന മൃതശരീരങ്ങളും കോരിപ്പോരുകയായിരുന്നു. തകർന്നു കിടക്കുന്ന സ്വന്തം വീടിനു മുൻപിൽ, ഉള്ളിൽ കിടക്കുന്ന ബന്ധുക്കളെയോർത്ത് കരയുന്നവർ ധാരാളം.
ഭക്ഷണവും വസ്ത്രവും ലോറിയിലും മറ്റും വിതരണം ചെയ്യുമ്പോൾ കൈയ്യൂക്കുള്ളവർ പരമാവധി കൈക്കലാക്കി. വൃദ്ധരും അപകടത്തിൽ മാരകമായി പരിക്കേറ്റവരും ഭക്ഷണം പോയി വാങ്ങാൻ സാധിക്കാത്തതിനാൽ പട്ടിണി കിടക്കേണ്ടി വന്നു. ഇതിനു പരിഹാരമായി ഭക്ഷണവും വസ്ത്രവു താമസ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന രീതിയാണ് ഞങ്ങൾ സ്വീകരിച്ചത്. എല്ലാ ദിവസവും വ്യത്യസ്ത അളവിൽ ഭൂചലനം അനുഭവപ്പെട്ടു . ഭൂമി അതിന്റെ വിറപ്പിക്കൽ തുടരുകയായിരുന്നു.
വീട് നഷ്ടപ്പെട്ടവർക്കായി ഞങ്ങൾ വ്യാപകമായി ടെന്റുകൾ നിമ്മിച്ചു നൽകുകയുണ്ടായി. മെലിഞ്ഞ മരങ്ങളും മുളയുടെ പരമ്പും ഉപയോഗിച്ചാണ് ടെന്റുകൾ നിർമ്മിച്ചത് . ഇത്തരം ടെന്റുകൾ കുറെ കാലം ഈട് നിൽക്കുന്നതും ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളവയുമാണ് . ഓരോ പ്രദേശത്തേക്ക് ചെന്ന് അവിടെത്തുകാരെ മുഴുവൻ ഒരു കേന്ദ്രത്തിലേക്ക് വിളിച്ചു കൂട്ടി മൂന്നോ നാലോ ടെന്റുകൾ നിർമ്മിച്ച് കാണിച്ചു കൊടുക്കുകയും ശേഷം ആവശ്യമായത്ര ടെന്റുകൾ നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ അവർക്ക് വിട്ടു കൊടുക്കുകയും ചെയ്യുകയായിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിലെ പുതുമയുള്ള ഈ രീതി ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര റിലീഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ചെയ്തത് .

ദുരന്ത ഭൂമിയോട് യാത്ര പറഞ്ഞു പോരുമ്പോൾ തകർന്നടിഞ്ഞ കെട്ടിടങ്ങളും അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ സെന്ററുകളും , ഒന്നിനും നേരമില്ലാതെ പരക്കം പായുന്ന മനുഷ്യരും അവസാനം തടുക്കാനാവാത്ത ദുരന്തം വന്നപ്പോൾ ഇട്ടെറിഞ്ഞ സമ്പാദ്യങ്ങളും വിണ്ടുകീറിയ റെയിൽ വേ സ്റ്റേഷനും അലഞ്ഞു നടക്കുന്ന കാലികളും മറ്റും എന്തൊക്കെയോ അടക്കം പറയും പോലെ തോന്നി.



Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്