സംവരണം വരണം

 


നമ്മുടെ നാട്ടിൽ മരുഭൂമിയുണ്ട് പീഠഭൂമിയുണ്ട് വനഭൂമിയുണ്ട് വനഭൂമികളിൽ എത്ര പക്ഷികൾ ഉണ്ട് എത്ര മൃഗങ്ങൾ ഉണ്ട് അവ ഏതെല്ലാം തരമുണ്ട് എന്നൊക്കെ ഉള്ളതിന്റെ കൃത്യമായ കണക്ക് ഗവൺമെന്റിന്റെ കയ്യിലുണ്ട് ചില മൃഗങ്ങൾ വംശ നശീകരണം സംഭവിക്കുമ്പോൾ പുറം നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ എത്ര ദളിതരുണ്ട് ജാതിയിൽ താഴ്ത്തപ്പെട്ടവരുണ്ട് അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങളുണ്ട് എന്നതിനെ സംബന്ധിച്ചുള്ള കണക്ക് സർക്കാറിന്റെ കയ്യിലില്ല 1930 കളിൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് അവരുടെ ആവശ്യത്തിന് വേണ്ടി നടത്തിയ സെൻസസ് ആണ് ഇപ്പോഴും അവലംബം.


 


ജാതീയതയുടെ ഉച്ചനീചത്വങ്ങളിൽ മനുഷ്യൻ വല്ലാതെ പൊറുതിമുട്ടിയ ഒരു കാലത്താണ് ശ്രീനാരായണഗുരു ജാതി ചോദിക്കരുത് പറയരുത് എന്ന മുദ്രാവാക്യമുയർത്തിയത്. സമര മുദ്രാവാക്യങ്ങൾ കാലം മാറുന്നതിന് അനുസരിച്ച്, സാമൂഹ്യഘടന യുടെ മാറ്റത്തിന് അനുസരിച്ച് തീർച്ചയായും പുതുക്കി കൊണ്ടിരിക്കേണ്ടതാണ് .

ഇന്ന് ശ്രീനാരായണഗുരു ഉണ്ടായിരുന്നെങ്കിൽ  അദ്ദേഹം ഉറക്കെ പറയുക ജാതി ചോദിക്കണം ജാതി പറയണം എന്നായിരിക്കും നമ്മുടെ വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഓരോ ഭരണകേന്ദ്രങ്ങളിലും കയറി അവിടെ ഇരിക്കുന്ന ഓരോരുത്തരോടും ജാതി ചോദിക്കണം. അപ്പോഴാണ് നാം നേടിയ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ ആര് നേടിയ സ്വാതന്ത്ര്യമാണ് എന്ന് മനസ്സിലാവുക.


 ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പരിഹാര കാര്യങ്ങളാണ് അധികാരികൾ പറയുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ സംസാരിക്കുമ്പോൾ,  ജാതിയെക്കുറിച്ച് പറയാതിരുന്നാൽ പോരെ എന്തിനാണ് ഇങ്ങനെ ജാതി തിരിച്ച് സർവ്വേ നടത്തി, ജാതി തിരിച്ചു സംഘടിപ്പിച്ച്... അതൊന്നും പറയാതിരുന്നാൽ പോരെ അതല്ലേ സൗഹാർദ്ദത്തിനു വേണ്ടത് എന്ന ഒരു ചോദ്യമാണ്. അത്തരത്തിലുള്ള ഉപരിപ്ലവമായ പരിഹാരങ്ങളാണ് സ്വതന്ത്ര ഭാരതം നാളുകളായി നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശ പ്രതിനിധികൾ നമ്മുടെ രാജ്യത്തേക്ക് കടന്നുവരുമ്പോൾ ചേരികളിലും ചാളകളിലും കഴിയുന്ന ആളുകളെ കാണാതിരിക്കാൻ വേണ്ടി മറ കെട്ടിക്കൊണ്ട് രാജപാതകൾ ഒരുക്കുകയാണ് അധികാരികൾ ചെയ്യാറുള്ളത്.  ചേരികളിൽ നിന്നവരെ പുനരധിവസിപ്പിക്കാൻ, അവർക്ക് ഈ രാജ്യത്തിന്റെ വിഭവങ്ങളെ പങ്കുവച്ചു കൊടുക്കാനുള്ള പരിശ്രമത്തിന് പകരം അത് മറച്ചു പിടിക്കുക എന്നതാണ്. അതുപോലെതന്നെ ദാരിദ്രരേഖക്ക് താഴെയുള്ള ആളുകളെ അവരുടെ പുരോഗതിക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചനയിൽ അവർക്ക് ഭക്ഷണവും പാർപ്പിടവും മാന്യമായ തൊഴിലും ചികിത്സയും നൽകുക എന്നതിന് പകരം ദാരിദ്ര്യത്തിന്റെ രേഖയെ അല്പം മാറ്റിവരയ്ക്കുക അതിൻെറ മാനദണ്ഡങ്ങളെ മാറ്റുക എന്ന പ്രവർത്തനമാണ് ചെയ്തിട്ടുള്ളത് എന്ന് നമുക്കറിയാം.



 യഥാർത്ഥത്തിൽ ഭരണഘടനാ ശില്പികൾ , ജാതി വ്യവസ്ഥയിൽ നിന്ന് ജനാധിപത്യ പ്രക്രിയയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഒരു ആയുധം എന്നുള്ള നിലക്കാണ്  സംവരണത്തെ കണ്ടിട്ടുള്ളത്. പക്ഷേ നാമിപ്പോൾ അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്ന അഖണ്ഡഭാരതം, -എപ്പോഴും പറയാറുണ്ട് അഖണ്ഡഭാരതം- എങ്ങനെയാണ് ഈ അഖണ്ഡഭാരതം ഉണ്ടായത് ? ഒരായിരം നാട്ടുരാജ്യങ്ങൾ, നമ്മൾ ഇപ്പോൾ ഇവിടെ നിന്ന് സംസാരിക്കുമ്പോൾ കോഴിക്കോട് വേറെ രാജ്യമാണ് കുറച്ചപ്പുറത്ത് പോയാൽ വടകര വേറെ രാജ്യമാണ് അതിനിപ്പുറത്ത് ഏറനാട് രാജ്യമായിരുന്നു അങ്ങനെ ഇന്ത്യാ രാജ്യം ഒരായിരം നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന കാലത്ത് സാമൂഹ്യ പരിവർത്തനത്തിന് വേണ്ടി, പരിഷ്കാരത്തിന് വേണ്ടി നവോത്ഥാന നായകന്മാർ നടത്തിയിട്ടുള്ള സാമൂഹ്യ പോരാട്ടത്തിന്റെ ഫലം എന്നുള്ള നിലയിലാണ് ഇന്ത്യയെ ഒന്നായി കാണാൻ, നാട്ടുരാജ്യങ്ങൾക്കപ്പുറത്ത് ഒരു അഖണ്ഡഭാരതം എന്ന സങ്കല്പം തന്നെ രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്ന്  സംവരണത്തിന്റെ ചരിത്രത്തിലേക്ക് അന്വേഷിച്ചു പോകുമ്പോൾ നമുക്ക് വ്യക്തമായി കാണാൻ കഴിയും. എന്നുപറഞ്ഞാൽ ഈ രാജ്യത്തെ, ഈ ദേശ രാഷ്ട്രത്തെ രൂപീകരിക്കുന്നതിൽ പോലും നിർണായക പങ്കുവഹിച്ചിട്ടുള്ളത്, സാമൂഹ്യപരിവർത്തന പോരാട്ടമാണ്.  പക്ഷേ അതെല്ലാം മറച്ചുപിടിച്ചുകൊണ്ട് ഒരു സംവരണ വിരുദ്ധമായ പൊതുബോധത്തെ അംഗീകരിപ്പിക്കാൻ അതിനെ വിജയിപ്പിച്ചെടുക്കാൻ ഇവിടത്തെ സവർണ്ണ ലോബികൾക്കും അധികാരി വർഗ്ഗത്തിനും സാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്.



സിനിമകളിലൂടെ നാടകങ്ങളിലൂടെ പൊതു ചർച്ചകളിലൂടെ സംവാദങ്ങളിലൂടെ സംവരണം എന്ന് പറയുന്നത് തന്നെ ഒരു മോശമായ കാര്യമായിട്ട് ... ആളുകൾ കഴിവ് നേടിക്കൊണ്ട് ഓരോ രംഗത്തും എത്തിപ്പെടുകയാണ് വേണ്ടത് എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുന്ന,


സംവരണ സമരത്തിന്റെ പങ്കാളികൾ പോലും അത്തരം ചില അടക്കം പറച്ചിലുകൾ നടത്തുന്നതിലേക്ക് ഈ പൊതുബോധത്തെ നിർമ്മിച്ചെടുക്കാൻ സവർണ്ണ ലോബിക്ക് സാധിച്ചിട്ടുണ്ട് തികച്ചും അന്യായമായിട്ടുള്ള ആ പൊതുബോധം നിർമ്മിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെ സംവരണം ഒരു അനിവാര്യമായ കാര്യമാണ് എന്നതിലേക്ക് വിരൽചൂണ്ടുന്നു. 


 മുന്നോക്കക്കാരിൽ പിന്നോക്കക്കാര് എന്ന് പറഞ്ഞു കൊണ്ട്  സവർണ്ണ സംവരണം നടപ്പിലാക്കിയത് നാം കണ്ടു.  ആയിരക്കണക്കിന് സമരങ്ങൾ  സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും നമ്മുടെ തെരുവുകളെ സമ്പന്നമാക്കിയിട്ടും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആവശ്യമാണ് സവർണ്ണ സംവരണം എന്നുള്ള രീതിയിൽ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്.


ഇതുതന്നെയാണ് ഈ സംവരണത്തിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യം. 


എല്ലാവരും ഇപ്പോൾ മെറിറ്റിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ നീതി നിഷേധിക്കപ്പെടുന്ന, ജാതിയിൽ  താഴ്ത്തപ്പെട്ടവരായ ആളുകൾക്ക്  പറയാനുള്ളത്, കൈകാലുകൾ കെട്ടിയതിനുശേഷം ഓടാൻ പറയുന്നത് നിർത്തിയിട്ട് കെട്ടഴിച്ചുവിട്ടാൽ ഞങ്ങൾ ഓടി കാണിച്ചു തരാം എന്നുള്ളതാണ് ഞങ്ങൾക്ക് യോഗ്യതകൾ നേടാൻ കഴിയുമോ എന്ന്, അർഹതയുള്ളവരാണോ ഞങ്ങൾ എന്നുള്ള ആ ഒരു ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ എല്ലാ പൊതുബോധത്തെയും കെട്ട് അഴിച്ച് കളയുകയാണെങ്കിൽ സ്വതന്ത്രരാക്കുകയാണെങ്കിൽ നമുക്ക് ഓടി കാണിച്ചു തരാൻ സാധിക്കുമെന്നുള്ളതാണ്.



 തീർച്ചയായും ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ പേരല്ല സംവരണം. ജനാധിപത്യ രാജ്യത്തിലെ അധികാര പങ്കാളിത്തത്തിന്റെ ആവശ്യകതയാണ്  സംവരണമെന്ന് പറയുന്നത് . അതുകൊണ്ട് ഭരണാധികാരികളോട് ഈ സംവരണ ആവശ്യങ്ങൾക്ക് വേണ്ടി, നീതിക്കുവേണ്ടി പോരാട്ടം നടത്തി കൊണ്ടിരിക്കുമ്പോൾ തന്നെ ജനകീയ പ്രസ്ഥാനങ്ങൾ ജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം ഉണ്ടാക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴുകേണ്ടതുണ്ട് .



ജാതിയിൽ താഴ്ന്നവർക്കുള്ള ആനുകൂല്യമല്ല ഇത്. യഥാർത്ഥത്തിൽ ജാതിയിൽ താഴ്ന്നവർ എന്ന് പറയുന്നതു തന്നെ ഒരു വലിയ കള്ളമാണ് കാരണം ജന്മനാ താഴ്ന്നവരായി ഒരാളും ഈ ഭൂമിയിൽ ജനിക്കുന്നില്ല എല്ലാവരെയും പോലെ വികാരങ്ങളുള്ള എല്ലാവരെയും പോലെ തന്നെ ചുവന്ന രക്തം ഉള്ള എല്ലാവരെയും പോലെ തന്നെ ആവശ്യങ്ങളുള്ള എല്ലാവരെയും പോലെ തന്നെ മാന്യതയുള്ള എല്ലാവരെയും പോലെ തന്നെയുള്ള സ്റ്റാറ്റസ് ഉള്ള മനുഷ്യരായി കൊണ്ടാണ് ഭൂമിയിൽ ഓരോരുത്തരും പിറന്നു വീഴുന്നത്. അങ്ങനെ സ്വതന്ത്രരായി പിറന്നുവീഴുന്ന മനുഷ്യരെ അടിമകളാക്കിക്കൊണ്ട് ജാതിയിൽ താഴ്ത്തുകയാണ് ചെയ്യുന്നത്. 



അഥവാ സംവരണം എന്നു പറയുന്നത് ജാതിയിൽ താഴ്ന്നവർക്ക് ലഭിക്കുന്ന ആനുകൂല്യമല്ല ജാതിയിൽ താഴ്ത്തപ്പെട്ടവരുടെ അവകാശമാണ് എന്ന രീതിയിലേക്ക് ഈ പ്രക്ഷോഭത്തെ  കൊണ്ടുപോകാൻ,  ആ അർത്ഥത്തിലുള്ള ഒരു പൊതുബോധം നിർമ്മിക്കുവാൻ ഉള്ള പരിശ്രമം കൂടി ജനകീയ പ്രസ്ഥാനങ്ങൾ നടത്തേണ്ടതായി ഉണ്ട്. 



 ഈ രാജ്യത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ചർച്ചയായിരുന്ന ഒരു കാലത്ത്,  അന്നാണ് സംഘപരിവാർ,  മണ്ഡലല്ല നമുക്ക് മന്ദിറാണ് വേണ്ടത് എന്ന മുദ്രാവാക്യവുമായി രഥയാത്രകൾ നടത്തിയത് എന്ന് നമ്മൾ മനസ്സിലാക്കണം നമുക്ക് വേണ്ടത് മണ്ഡലല്ല നമുക്ക് വേണ്ടത് മന്ദിറാണ് അഥവാ ജനങ്ങളുടെ മൃദുല വികാരങ്ങളെ എല്ലാ അർത്ഥത്തിലും ഇളക്കി വിട്ടുകൊണ്ട് ആളുകളെ തട്ടുകളായി വേർതിരിച്ചുകൊണ്ട് മതപരമായി വർഗീകരിച്ചുകൊണ്ട് അതിൽ നിന്ന് ലാഭം കൊയ്യുകയും എന്നിട്ട് ഈ സവർണ്ണരുടെ താൽപര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തെ ആ അർത്ഥത്തിൽ തന്നെ തുറന്നുകാണിക്കാൻ ജനകീയ പ്രസ്ഥാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.



Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്