സൗർ ഗുഹ പറയുന്നത്

 


ചരിത്രത്തിലെ വിസ്മയകരവും അതുല്യവുമായ മഹാസംഭവമാണ് മക്കയിൽ നിന്ന് മദീനയിലേക്കുള്ള വിശ്വാസികളുടെ പാലായനം.  സത്യമാർഗ്ഗത്തിൽ ഒരു വഴിയടഞ്ഞാൽ കൂടുതൽ തെളിച്ചമുള്ള മറ്റു വഴികൾ തേടണം എന്ന ആഹ്വാനമാണ് ഹിജ്റ.

സത്യപ്രബോധനത്തെ തടസ്സപ്പെടുത്താൻ തിന്മയുടെ വക്താക്കൾ പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും  പല രീതികളും പയറ്റി. പ്രപഞ്ചനാഥനയച്ച  സത്യദൂതരെ തടുക്കാൻ ഭൗതികതയുടെ കുതന്ത്രങ്ങൾക്കാവില്ലല്ലോ.  ഒടുവിലവർ അന്തിമ തീരുമാനത്തിന് വട്ടം കൂടി ആലോചിച്ചു പല അഭിപ്രായങ്ങളും വന്നു.  നാടുകടത്താനും പിടിച്ചുവെക്കാനും ദേഹോപദ്രവമേൽപ്പിക്കാനും.  തിരിച്ചും മറിച്ചും ചർച്ച ചെയ്തു.

          തിരുദൂതരെ വധിച്ചു കളയണമെന്ന തീരുമാനത്തിലാണ് ഒടുവിൽ അവർ എത്തിയത്. കൊല്ലേണ്ട രീതിയും രൂപപ്പെടുത്തി. എല്ലാ ഗോത്രത്തിലെയും പ്രതിനിധികൾ ഒന്നിച്ചു വെട്ടുക. എങ്കിൽ പ്രതിയെ വേർതിരിച്ച് അടയാളപ്പെടുത്താനാവില്ലല്ലോ പ്രതികാര നടപടിയെ അങ്ങനെ ലഘൂകരിക്കാം. ആധുനിക ഫാസിസ്റ്റുകളുടെ ആൾക്കൂട്ടക്കൊല കളുടെ  അറേബ്യൻ മാതൃക.


സത്യ പ്രബോധനത്തിന്റെ പുതിയ ആകാശവും ഭൂമിയും പ്രപഞ്ചനാഥന്റെ സമ്മതത്തോടെ നിശ്ചയിച്ചുറച്ച്,  വിശ്വാസികളെ ഒറ്റക്കും കൂട്ടമായും യഥ് രിബിലേക്ക് അയച്ച ലോകനായകന്റെയും  നിഴലായ പ്രിയ മിത്രം അബൂബക്കറിന്റെയും  യാത്രയുടെ നേരമിതാണ്. നിഷേധികളുടെ കാര്യാലയമായ ദാറുന്നദ് വയിൽ നിന്നുള്ള തീരുമാനത്തിന്റെ ഫലമായി മൂർച്ചയേറിയ ഖഡ്ഗങ്ങളുമായി ശത്രുക്കൾ വീട് വളഞ്ഞപ്പോൾ മഹാപ്രവാചകന്റെ പുതപ്പിനടിയിൽ കിടന്ന്  സത്യമാർഗ്ഗത്തെ സഹായിക്കുവാനുള്ള സൗഭാഗ്യം ലഭിച്ചത് നബിയുടെ പിതൃവ്യപുത്രൻ അലി(റ) വിനാണ്. രാത്രി നമസ്കാരത്തിന് കഅ്ബയുടെ തിരുമുറ്റത്തേക്ക് തിരുനബി ഇറങ്ങി നടക്കുമ്പോൾ ദേഹത്ത് ചാടിവീണു ആഞ്ഞുവെട്ടി ആ പ്രകാശം കെടുത്തിക്കളയാം എന്ന് കരുതി കാത്തുനിന്നവർ, ഉറക്കവും ഉണർച്ചയും സൃഷ്ടിച്ചവന്റെ തീരുമാനപ്രകാരം മയങ്ങിപ്പോയി.

നേരത്തെ നിശ്ചയിച്ച പ്രകാരം പ്രവാചകൻ ഇറങ്ങി നടന്നത് അബൂബക്കർ സിദ്ദീഖിന്റെ വീട്ടിലേക്കായിരുന്നു. ഇടക്കെപ്പോഴോ  ഉണർന്നു കണ്ണുതിരുമ്മി  നബിയുടെ വീടിനകത്തേക്ക് നോക്കിയ അക്രമികൾ കണ്ടത്, ശാന്തമായുറങ്ങുന്ന അലിയെയാണെന്നറിഞ്ഞില്ല.  നബി അവിടെത്തന്നെ ഉണ്ടെന്ന് കരുതി അവർ കാത്തിരുന്നത്,  അബൂബക്കറിന്റെ കൂടെയുള്ള നബിയുടെ യാത്ര സുരക്ഷിതമാക്കി.

നേരം പുലർന്നപ്പോഴാണ്   പുതപ്പിനടിയിൽ അലിയാണെന്ന കാര്യം കൊല്ലാൻ വന്നവരറിയുന്നത്. രക്ഷപ്പെടുത്തിയയാളോടുള്ള  തീവ്ര കോപത്താൽ അലിയെ അവർ വധിച്ചു കളയാനാണ് ന്യായം. അവരതു ചെയ്തില്ല അവർക്ക് വേണ്ടത് നബിയുടെ രക്തമായിരുന്നു.

തിരുദൂതർ അബൂബക്കറിനെയും കൂട്ടി നേരെ പോയത് മക്കയുടെ തെക്കുഭാഗത്ത് സൗർ മലയിലേക്കാണ്. യഥ് രിബാണ് നബിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ ശത്രുക്കൾ നബിയെ പിടികൂടാൻ ആദ്യമോടിയത് മക്കയുടെ വടക്കു ഭാഗത്തേക്കാണ്. അതാണ്  യഥ് രിബിന്റെ ദിശ. കുറെ നേരം ഓടിയിട്ടും അവർ നബിയെയും കൂട്ടുകാരനെയും കണ്ടില്ല. ആ സമയത്ത് നബിയും അബൂബക്കറും സമുദ്രനിരപ്പിൽനിന്ന് 760 അടി ഉയരമുള്ള സൗർ എന്ന മഹാപർവ്വം കയറുകയായിരുന്നു സൗറിന്റെ പരുക്കൻ പാറക്കൽ കഷ്ണങ്ങളിൽ തിരുനബിയുടെ പാദം തട്ടിമുറിഞ്ഞ് ഉറ്റി വീണ രക്തത്തുള്ളികൾ, അവിടം സന്ദർശിക്കുന്ന തീർത്ഥാടകന്റെ  അകക്കണ്ണുകൊണ്ട് കാണാം.  ആദർശത്തിലേക്ക് ആദ്യമായി കടന്നുവരികയും ആരുമില്ലാത്തപ്പോൾ കൂടെ നിൽക്കുകയും  ഒട്ടുമേ സംശയിക്കാതെ സത്യപ്പെടുത്തുകയും ചെയ്ത,  സൽകർമ്മികളിൽ ഒന്നാമനായ അബൂബക്കർ സിദ്ദീഖ്,  കൈപിടിച്ചും കരുത്തേകിയും  നിഴലായി തിരുനബിയുടെ കൂടെ ആ വലിയ മലയുടെ ഉച്ചിയിൽ എത്തി. അവിടെയാണ് സൗർഗുഹ.  ഗുഹാമുഖത്ത് നേതാവിനെ നിർത്തി സിദ്ദീഖ് ഗുഹക്കകത്ത് കടന്നു മുൻഭാഗം താഴ്ന്നു നിൽക്കുന്ന ഗുഹയുടെ അകം അരിച്ചു പെറുക്കി പരിശോധിച്ചു.    ദ്വാരങ്ങൾ തുണിക്കഷണങ്ങൾ കൊണ്ടു അടച്ചു. വസ്വീലത്തിന്റെ ഉടമസ്ഥന് കടന്നിരിക്കാൻ അവിടം ശുചിയാക്കി. കാരുണ്യത്തിന്റെ തിരുദൂതരെ അകത്തേക്ക് ആനയിച്ചു.


“നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ്‌ ഏറ്റവും ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.”  (9:40)

             ഈ വചനം അബൂബക്ർ സിദ്ദീഖിന്റെ പല മഹത്വങ്ങളും എടുത്തുകാണിക്കുന്നുണ്ട്.  നബിയുടെ കൂടെ എല്ലാ അർത്ഥത്തിലും രണ്ടുപേരിൽ രണ്ടാമനായിരുന്നു അദ്ദേഹം.

ആ രണ്ടുപേരും പാറക്കല്ലിൽ അടുത്തടുത്തിരുന്നു പിന്നെ അബൂബക്കറിന്റെ  മടിയിൽ തല വെച്ച് തിരുദൂതർ അല്പം മയങ്ങി.  ഇനിയാണ് മറ്റുചിലരുടെ ജോലി തുടങ്ങുന്നത് ഗുഹാമുഖത്ത് ഭദ്രമായ ഒരു വല  നെയ്യണം ചുമതലപ്പെടുത്തപ്പെട്ട എട്ടുകാലി  ഭംഗിയായി ആ ദൗത്യം നിർവഹിച്ചു. ദുർബലമായ വീടിന്റെ പ്രതീകമായ എട്ടുകാലി വല   ഇപ്പോഴിവിടെ ഭദ്രമായ ഒരു കോട്ട വാതിലിന്റെ സ്ഥാനത്തേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ബലവും ദൗർബല്യവും നൽകുന്നത് നാഥനാണ്. ഇബ്രാഹിമിന്റെ മുന്നിൽ തീ അതിന്റെ ചൂട് മാറ്റിവെച്ചും  മൂസയുടെ മുന്നിൽ വെള്ളം അതിന്റെ ഒഴുക്ക് നിർത്തിവെച്ചും നാഥനെ അനുസരിച്ചതിന് ചരിത്രം സാക്ഷി. തീർത്ഥാടനത്തിനിടയിൽ സൗർ ഗുഹയിലിരിക്കാൻ അവസരം ലഭിച്ചപ്പോൾ ചുമരിൽ പരതിയത് ആ മഹാ സൗഭാഗ്യം ലഭിച്ച എട്ടുകാലിയെ ആണ് "അന്ന് വലനെയ്ത എന്നെ അന്വേഷിക്കുകയല്ല, സത്യസാക്ഷ്യ നിർവ്വഹണത്തിൽ ഇന്നിന്റെ വിളി കേൾക്കുകയാണ് നീ വേണ്ടത്" എന്ന് അതു മന്ത്രിക്കുന്നത് ഉൾക്കിടിലത്തോടെയാണ് കേട്ടത്.

എവിടെ നിന്നോ പറന്നു വന്ന ഒരു പെൺ പ്രാവ് മനോഹരമായ ഒരു കൂട് പണിതു.  സാധാരണ ആളനക്കം ഉള്ള ഇടങ്ങളിൽ അത് കൂടു കെട്ടാറില്ല.  ഇവിടെ ഇപ്പോഴുള്ളത് സാധാരണ ആളുകൾ അല്ലല്ലോ!  ആ പ്രാവ് അതിൽ മുട്ടയിട്ടു കുറുകി കുറുകി അതിൽ ഇരുന്നു കഅ്ബക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പ്രാവുകളെ കാണുമ്പോൾ സൗറിനുമുന്നിലന്ന് കൂടുകെട്ടിയ പ്രാവിനെ  ഓർത്തുപോകും. പകൽനേരങ്ങളിൽ മക്കയിൽ കറങ്ങിനടന്നു ശത്രുക്കളുടെ പദ്ധതിയും പരിപാടിയും  മനസ്സിലാക്കി രാത്രി നേരത്ത് മലകയറി അബൂബക്കറിന്റെ മകൻ അബ്ദുല്ല അവിടെ എത്തി സ്ഥിതിഗതികൾ വിശദീകരിച്ചു.

പിതാവിനും ദൈവദൂതർക്കുമുള്ള  ഭക്ഷണവുമായി അസ്മാഅ് വന്നു  ഭക്ഷണപ്പൊതി ഒട്ടകപ്പുറത്ത് കെട്ടിവെക്കാൻ കയറു കാണാതെ വന്നപ്പോൾ അരപ്പട്ടയഴിച്ച് നെടുകെ ചീന്തി അബൂബക്കറിന്റെ മകൾ  അസ്മാഅ് കയറുണ്ടാക്കി. നിനക്ക് സ്വർഗ്ഗത്തിൽ ഇരട്ട പട്ട ലഭിക്കുമെന്ന് ആ മഹതിക്ക് തിരുദൂതർ സന്തോഷവാർത്ത നൽകി.  കൊല്ലാൻ ശത്രുക്കൾ ഓടി നടക്കുന്ന അത്യന്തം അപകടകരമായ അവസ്ഥയിലും ആ ദുർഘടപാതയിലൂടെ ഭക്ഷണലുമായി വന്ന അസ്മാഅ് എക്കാലത്തെയും വിശ്വാസികൾക്ക് പ്രചോദനമാകുന്ന വനിതയാണ്.

ഈ ജീവിത ദർശനത്തിന്റെ നാൾവഴികളിലെല്ലാം ആവേശകരമായ സാന്നിദ്ധ്യമായി വനിതകൾ ഉണ്ടായിരുന്നു.  നബിയുടെ താങ്ങും തണലുമായ ഖദീജ,  സത്യമാർഗ്ഗത്തിലെ ആദ്യ രക്തസാക്ഷി സുമയ്യ, ഇപ്പോഴിതാ അസ്മ ബിൻത് അബൂബക്കർ. ആഇശയും  ഉമ്മുസലമയും ഉമ്മു അമ്മാറയും തുടങ്ങി ആ പട്ടിക വളരെ നീണ്ടതാണ്. അതുവഴി വന്ന് നബിക്കും കൂട്ടുകാരനും പാൽ നൽകിയ ഇടയനായ ആമിറുബ്നു ഫുഹൈറയുടെ ആടുകൾ അവരുടെ കാൽപ്പാടുകൾ മായ്ച്ചുകളഞ്ഞിട്ടുണ്ടായിരുന്നു .  എന്നിട്ടും വാൾത്തലപ്പുകൾ മൂർച്ച കൂട്ടി നാലുപാടും പാഞ്ഞു നടക്കുന്ന ശത്രുക്കൾ സൗർ ഗുഹയുടെ മുമ്പിലെത്തി.  ഗുഹക്കകത്തു നിന്നു പുറത്തേക്കു നോക്കിയാൽ പുറത്ത് നിൽക്കുന്നവരുടെ കാൽമുട്ടുകൾ വരെ കാണാം  അവരൊന്ന് കുനിഞ്ഞു നോക്കിയാൽ ഗുഹക്ക് അകത്തു ഇരിക്കുന്ന വരെയും.

അബൂബക്കർ നബിയോട് പറഞ്ഞു "അവരിൽ ആരെങ്കിലും അവരുടെ പാദത്തോളം കുനിഞ്ഞു നോക്കിയാൽ എന്നെയും അങ്ങയേയും കണ്ടതുതന്നെ"  നബി ചോദിച്ചു താങ്കൾ  രണ്ടുപേർ എന്ന് കരുതുന്നതെന്ത്?  മൂന്നാമനായി അല്ലാഹു ഉണ്ടല്ലോ?   അബൂബക്കറേ, അല്ലാഹു അവങ്കൽ നിന്നുള്ള സമാധാനം താങ്കളിൽ ചൊരിഞ്ഞിരിക്കുന്നു. അവർ കാണാത്ത സൈന്യത്താൽ എന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ശത്രുക്കൾ നോക്കുമ്പോൾ കണ്ടത് ഗുഹാമുഖത്ത് എട്ടുകാലി നെയ്ത വലയാണ് പിന്നെ നേരത്തെ കൂടുകെട്ടി അടയിരിക്കുന്ന പ്രാവിനെയും അവർ കുനിഞ്ഞു നോക്കിയില്ല ദൗത്യം മതിയാക്കി അവർ മലയിറങ്ങി ഇറങ്ങി          ശേഷം യഥ് രിബിലേക്ക് വഴികാട്ടാൻ ഏർപ്പാടാക്കിയിരുന്ന അബ്ദുല്ലാഹിബ്നു ഉറൈഖിളിന്റെ കൂടെ നബിയും അബൂബക്കറും സൗറിനോട് വിടപറഞ്ഞു. - അപ്പോൾ എട്ടുകാലിയും പ്രാവും കണ്ണുനിറച്ചത് ദൗത്യനിർവഹണത്തിന്റെ നിർവൃതിയാലോ ലോക കാരുണ്യമായ തിരുദൂതർ വിട പറഞ്ഞതിനാലോ ?!  - വിശ്വസ്തരായ വ്യക്തികളെ സത്യമാർഗ്ഗത്തിൽ സഹകരിപ്പിക്കുന്നതിന് ഉദാഹരണമാണ് അബ്ദുല്ലാഹിബ്നു ഉറൈഖിളിന്റെ സഹായം സ്വീകരിച്ചത്. നേരത്തെ ത്വാഇഫിൽ നിന്ന് വരുമ്പോൾ        മുശ് രിക്കായ മുത്വ്ഇമിന്റെ അഭയം നബി  സ്വീകരിച്ചിരുന്നു. അവിശ്വാസികളായ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തിൽനിന്ന് ഭക്ഷിച്ചിരുന്നു . അബ്ബാസിബ്നു അബ്ദുൽ മുത്വലിബ് വിശ്വസിക്കുന്നതിന് മുമ്പേ നിർണായകമായ അഖബ ഉടമ്പടിയിൽ സംസാരിപ്പിച്ചിരുന്നു. നബിയും അബൂബക്കറും വീട്ടിൽ നിന്ന് നേരെ വന്നത് സൗർ ഗുഹയിലേക്ക് ആയിരുന്നെങ്കിലും ധാരാളം മലകളുള്ള മക്കയിൽ നബിയെ തെരഞ്ഞു ശത്രുക്കൾ എത്ര മലകൾ കയറിയിറങ്ങിക്കാണും !  സത്യ നിഷേധത്തിൽ അവരുടെ നിശ്ചയദാർഢ്യത്തിന്റെആഴം അത് കാണിക്കുന്നുണ്ട്. എന്നാൽ ശത്രുക്കളെ ക്കാൾ ആത്മാർഥതയും ആസൂത്രണവും നിശ്ചയദാർഢ്യവും സഹനവും ഉണ്ടായിരുന്നതുകൊണ്ടാണ് 'കാണാത്ത സൈന്യത്തിന്റെ സഹായം' വിശ്വാസികൾക്ക് ലഭിക്കുന്നത്.


“സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയിൽ മറ്റുള്ളവരെ ജയിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച്‌ ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (3:200)

ഖുർആൻ 'സ്വാബിറൂ' (നിങ്ങൾ ക്ഷമയിൽ മറ്റുള്ളവരെ ജയിക്കുക) എന്നുപറയുന്നത് ഇവിടെ ശ്രദ്ധേയമാണ് . നിഷേധികൾ തങ്ങളുടെ നിഷേധത്തിൽ എത്രത്തോളം ദാർഢ്യവും സ്ഥൈര്യവും കാണിക്കുന്നുവോ അതിനെ വിജയിപ്പിക്കുവാനായി എന്തുമാത്രം ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിക്കുന്നുവോ അതിനെ കവച്ചു വെക്കുമാറ് നിങ്ങൾ സഹനവും ധൈര്യവും അവലംബിക്കണം. സൻമാർഗ്ഗികൾ പരസ്പരം ഒരു ശരീരം പോലെ നിലകൊള്ളുകയും വേണം.   


വധിക്കാനും പരാജയപ്പെടുത്താനും അവർ നടത്തിയ ആസൂത്രണത്തെക്കാളും അധ്വാനത്തെക്കാളും മികച്ചതായിരുന്നു  സമാധാനം സ്ഥാപിക്കാനുള്ള നബിയുടെ ആസൂത്രണവും അധ്വാനവും. വെള്ളം തേടി ഓടിയ ഹാജറയെപ്പോലെ സൗ ർ മലകയറിയ 'മുഹാജിറുകളെ' പോലെ സർവ്വം സമർപ്പിച്ച ബദരീങ്ങളെ പോലെ പരിശ്രമിക്കുമ്പോഴാണ് ആകാശലോകത്തുനിന്നും നാഥന്റെ സൈന്യമിറങ്ങി വന്ന് ശക്തി പകരുക.


വിശുദ്ധ ഗ്രന്ഥം പരാമർശിച്ച സൗർ മല തലയെടുപ്പോടെ നിൽക്കുകയാണ് പുതുലോകം പണിയുന്നവർക്ക് നിത്യ പ്രചോദനമായി.



     

===========================

Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്