വെളിച്ചത്തെ ഭയക്കുന്നവർ വിളക്കിനെ പഴിക്കുന്നു.
ജീവചരിത്രം സമ്പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടുവെന്നത് നബിയുടെ അതുല്യമായ സവിശേഷതയാണ്.
അതൊരു ദൈവനിശ്ചയവുമാണെന്ന് വേണം മനസ്സിലാക്കാൻ.
അരുതായ്മകളൊരുപാടുണ്ടായിരുന്നൊരു നാട്ടിലും കാലത്തും ആൾക്കൂട്ടത്തിലതുപോലെയൊലിച്ചു നീങ്ങാതെ നന്മയുടെയും നേരിന്റെയും വേറിട്ട വഴിയിലൂടെയായിരുന്നു, അൽഅമീനെന്ന് മക്കക്കാർ സ്നേഹവാൽസല്യത്തോടെ വിളിച്ച തിരുനബിയുടെ സഞ്ചാരം.
തന്നിലേക്കൊതുങ്ങിക്കൂടുകയായിരുന്നില്ല തർക്കങ്ങളിൽ മധ്യസ്ഥനായും നാട്ടിലെ പൊതു നന്മകൾക്ക് സഖ്യങ്ങളുണ്ടാക്കിയും ഇടപെട്ടു കൊണ്ടേയിരിക്കുക തന്നെയായിരുന്നു നബി.
എന്നാൽ അന്നൊന്നും തദ്ദേശീയരിൽ നിന്നില്ലാത്ത എതിർപ്പും ശത്രുതയും ആരംഭിച്ചത് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് റസൂൽ (സ) പറഞ്ഞു തുടങ്ങിയപ്പോഴാണ്.
മനുഷ്യരെ വിവിധ തട്ടുകളായി തിരിച്ച് ദുർബലരെയും സ്ത്രീകളെയും ചൂഷണം ചെയ്ത് അടക്കി ഭരിച്ചിരുന്നവർക്ക് റസൂൽ (സ) പ്രബോധനം ചെയ്യുന്ന ജീവിത വ്യവസ്ഥ അസ്വസ്ഥതയുണ്ടാക്കുമെന്നത് അൽഭുതകരമല്ല.
റസൂൽ കൊണ്ടു വന്ന ജീവിത വ്യവസ്ഥയെ എതിർക്കാനവർ പറഞ്ഞ ന്യായങ്ങളൊന്നും വിലപ്പോയില്ല.
അങ്ങിനെയാണ് മനോവീര്യം കെടുത്തിത്തോൽപ്പിക്കാനവർ ശ്രമിച്ചത്.
എന്തൊക്കെയാണ് തിരുനബിയെക്കുറിച്ച് അവർ പറഞ്ഞത് ?
ഭ്രാന്തൻ, മാരണക്കാരൻ, കുടുംബം പിളർത്തുന്നവൻ തുടങ്ങിയവ അതിൽ ചിലത് മാത്രം.
നബി അവതരിപ്പിച്ച ആദർശത്തിന്റെയും നബിയുടെ ജീവിതവിശുദ്ധിയുടേയും തെളിമയും കരുത്തും ദുരാരോപണങ്ങളുടെ മുനയൊടിച്ചു.
ഒടുവിൽ സന്മാർഗത്തിന്റെ ശാദ്വല തീരത്തേക്ക് ജനങ്ങൾ കൂട്ടംകൂട്ടമായി ഒഴുകിയെത്തി.
കാലത്തിന്റെ നീളത്തിൽ പുതിയ ഒരുപാട് ദർശനങ്ങൾ പലവിധ വാഗ്ദാനങ്ങളുമായെത്തിയെങ്കിലും തിരുനബി പഠിപ്പിച്ച ജീവിതപാഠങ്ങൾ അന്ധകാരങ്ങളെ കീറിമുറിച്ച് നിർഭയത്വത്തിന്റെ ഉണർത്തുപാട്ടായി ഇന്നും ഉയർന്ന് നിൽക്കുന്നു.
ദൈവിക വചനങ്ങളുടെ മഹാഗ്രന്ഥത്തെ ഭൂമിയിൽ പ്രാവർത്തികമാക്കാൻ വഴിതെളിക്കുന്ന പ്രവാചക പാഠങ്ങൾ റദ്ദ് ചെയ്താൽ അജ്ഞാനകാലത്തേത് പോലെ കയ്യൂക്കുള്ളവന് കാര്യക്കാരനാകാനൊക്കുമെന്ന് ചൂഷകർ കണക്ക് കൂട്ടുന്നു.
തരാതരം അവർ പയറ്റുന്ന തന്ത്രങ്ങളുടേത് കൂടിയാണ് ചരിത്രം.
മുഹമ്മദ് നബി (സ) നല്ല മനുഷ്യനായിരുന്നു. എന്നാൽ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മനുഷ്യൻ ഈ കാലത്തിന് എന്ത് നൽകാനെന്ന് ചിലർ. മുഹമ്മദ് നബി മനുഷ്യനേയല്ലെന്ന് മറ്റു ചിലർ രണ്ടായാലും മനുഷ്യജീവിതത്തിന് സ്വീകരിക്കാൻ നബിയിൽ മാതൃകയില്ലെന്ന് സാരം. ഇനി നിർബന്ധമെങ്കിൽ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാത്തആരാധനകൾ നിലനിർത്തിക്കോളൂവെന്ന് ഔദാര്യം.
അവിടെയും നിന്നില്ല. റസൂലിനെ വ്യക്തിഹത്യ നടത്താൻ പലകള്ളങ്ങളും ആവർത്തിച്ചു.
കുറ്റങ്ങൾ പലതും ആരോപിച്ചു. വാക്കുകളെ സന്ദർഭങ്ങളിൽ നിന്ന് അടർത്തി മാറ്റി ദുർവ്യാഖ്യാനിച്ചു. സംഭവങ്ങളെ കള്ളങ്ങളും ഭാവനകളും ചേർത്ത് പ്രചരിപ്പിച്ചു.
റസൂലിനെക്കുറിച്ച് മാത്രമല്ല ഉത്തമരായ അനുചരൻമാരെക്കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിച്ചു. ഗുണകാംക്ഷ ചമഞ്ഞാണ് ഇക്കൂട്ടർ
സമൂഹത്തിൽ ചതിക്കുഴികൾ തീർക്കുന്നത്.
എന്തിനായിരുന്നു തിരുദൂതർ ആഗതനായതെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്.
"തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിച്ചെടുക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. " (ഖുർആൻ-3:164)
അതെ, ഇന്നും തിരുദൂതരുടെ ജീവിതവെളിച്ചം എത്തിയിട്ടില്ലാത്ത ഹൃദയങ്ങൾ വഴികേടിൽ തന്നെ.
റസൂലുല്ലാഹി (സ) വിളക്കാണ് എന്ന് ഖുർആൻ (33:46). ആ വിളക്കിൽ കൊളുത്തിയാണ് പ്രപഞ്ചനാഥൻ സൻമാർഗവെളിച്ചം ഭൂമിയിലേക്കയച്ചത്.
വെളിച്ചത്തെ ഭയക്കുന്നവർ എക്കാലത്തും വിളക്കിനെ പഴിക്കുന്നു.
Comments
Post a Comment