പ്രപഞ്ചത്തിന്റെ താളവും ഈണവും radio speech 3

വിമോചനത്തെ കുറിച്ച് പലരും പലതും  പറഞ്ഞു കൊണ്ടിരിക്കുന്നു. പല പുതിയ ദർശനങ്ങളും പല കാലഘട്ടങ്ങളിലും ഉദയം ചെയ്യുകയുണ്ടായി . കുറഞ്ഞ കാലത്തെ ആകർഷണത്തിനു ശേഷം അവയൊക്കെ പഴയ പടിയായി . ഇനിയും പുതിയ പേരിൽ , പുതിയ നിറത്തിൽ , പുതിയ രൂപത്തിൽ പുതിയ ദർശനങ്ങൾ പിറന്നേക്കാം . വിമോചനം മാത്രം സാധിച്ചു കൊള്ളണമെന്നില്ല . അല്ലെങ്കിലും എന്തിൽ നിന്നാണ് വിമോചനം വേണ്ടത് എന്ന് പോലും നിർണയിക്കപ്പെട്ടിട്ടില്ല . തൊഴിലാളി,  മുതലാളിയിൽ നിന്നാണ് മോചനം വേണ്ടതെന്നു കരുതുന്നുവോ? സ്‌ത്രീ,  പുരുഷനിൽ നിന്നാണ് വിമോചനം വേണ്ടതെന്നു വിചാരിക്കുന്നുവോ ? ആരിൽ നിന്നാണ് വിമോചനം വേണ്ടത് ?
ലോകത്ത്  കാണുന്ന വൈവിധ്യങ്ങളെ ശത്രുക്കളെന്നു പഠിപ്പിക്കപ്പെട്ടേടത്ത് നിന്നാണ് കുഴപ്പം ആരംഭിക്കുന്നത് . അത് കൊണ്ട് തന്നെ നിഴലിനോടാണ് പോരാട്ടം നടത്തുന്നത് . താൻ അനങ്ങുന്ന കാലത്തോളം നിഴലും അനങ്ങുന്നു . താൻ അടങ്ങിയാൽ നിഴലും അടങ്ങും . വൈവിധ്യങ്ങളെ വിവിധ പൂക്കളുള്ള ഒരു പൂന്തോട്ടത്തെ പോലെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം . മാനവലോകത്തിന് പുറത്ത് ഈ പ്രപഞ്ചത്തിന്റെ താളവും ഈണവും നാം കാതോർക്കണം. അവിടങ്ങളിലെ ശാന്തതയുടെ കാരണം പരതണം. അപ്പോൾ നമുക്ക് ബോധ്യമാവും പ്രപഞ്ചത്തിന്റെ കർത്താവ് നൽകിയ മാർഗ്ഗദർശനത്തിലൂടെയാണ് അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് . പ്രപഞ്ചത്തിനു മാർഗദർശനം നൽകിയവൻ തന്നെ മനുഷ്യനും സന്മാർഗം നൽകിയിട്ടുണ്ട് .   മതത്തിന്റെയും ഗോത്രത്തിന്റെയും സമുദായത്തിന്റെയും ലിംഗത്തിന്റെയും പരിമിതികളില്ലാത്തവനാണ് പ്രപഞ്ച നാഥൻ . ഭാവിയെ കുറിച്ചും സൃഷ്ടി രഹസ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതകളെക്കുറിച്ചും അറിയുന്നവനും, അതെല്ലാം തീരുമാനിച്ചിട്ടുള്ളവനുമായ പ്രപഞ്ച നാഥന്റെ സന്മാർഗ ദർശനം എവിടെയാണ് നമുക്ക് ലഭ്യമാവുക  എന്ന അന്വേഷണമാണ് പുതിയ കാലത്തെയും പുതിയ ലോകത്തെയും പ്രതീക്ഷിക്കുന്ന നമ്മിൽ നിന്നുണ്ടാകേണ്ടത് . നമ്മുടെ ദൈനം ദിന കാര്യങ്ങളുടെ പൂർത്തീകരണത്തിന് മാത്രമല്ല , ദീർഘ കാലമായി മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നുള്ള മോചനവും ഈ അന്വേഷണത്തിലൂടെ നമുക്ക് കണ്ടെത്താം .
പലപ്പോഴും നാം കാലത്തെ പഴിക്കാറുണ്ട് . മോശപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന് . യഥാര്ഥത്തിൽ കാലത്തിനു നമ്മളല്ലാത്ത ഒരു കുഴപ്പവും ഇല്ല . നമ്മുടെ ചെയ്തികൾ മാത്രമാണ് വിജയവും പരാജയവും തീരുമാനിക്കുന്നത്. നമ്മുടെ ഇടപെടലുകളാണ് ലോകത്ത്  ശാന്തിയും അശാന്തിയും സൃഷ്ടിക്കുന്നത് . അത് കൊണ്ട് സങ്കുചിതത്വത്തിന്റെയും പക്ഷപാതിത്വത്തിന്റെയും എല്ലാ വേലിക്കെട്ടുകളെയും വകഞ്ഞു മാറ്റി നമുക്ക് നന്മയുടെയും നിർഭയത്വത്തിന്റെയും സുന്ദരവും വിശാലവുമായ ഒരു പുതിയ ലോകത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യാൻ തീരുമാനിക്കാം .അപ്പോൾ മാത്രമാണ് കേവലം കലണ്ടർ മാറ്റത്തിനപ്പുറം നിലപാടുകളുടെ മാറ്റത്തിലൂടെ പുതിയ ലോകം സാധ്യമാവുന്നത്.














































Comments

Post a Comment

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്