രണ്ട് ചെവിയും ഒരു നാവും radio speech 5

തിരക്ക് നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത് ആർക്കും ഒന്നിനും നേരമില്ല . ആരും ഒന്നും കേൾക്കാൻ നിൽക്കുന്നില്ല. അത്യാവശ്യത്തിനു മാത്രം പറയുക എന്നതാണ് ഇപ്പോഴത്തെ രീതി . ആ പറയുന്നത് താന്നെ കേൾക്കാൻ മറ്റുള്ളവർക്ക് നേരമുണ്ടോ എന്നും പരിഗണിക്കപ്പെടുന്നില്ല . 
മനസ്സിനകത് വികാര വിചാരങ്ങളുണ്ടാവുമ്പോൾ ആ വികാരങ്ങളെ പ്രകടിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ മുന്നോട്ട് പോകേണ്ടത്. ആരോഗ്യകരമായ മുന്നോട്ട് പോക്കിന് അത് അനിവാര്യമാണ് . സുഖമാണെങ്കിലും ദുഖമാണെങ്കിലും , സന്തോഷമാണെങ്കിലുമെല്ലാം മറ്റുള്ളവരോട് പങ്ക് വെക്കുമ്പോഴാണ് മനുഷ്യന് ആശ്വാസം ലഭിക്കുന്നത് . മറ്റുള്ളവർ കേൾക്കുമ്പോഴാണ് ദുഃഖങ്ങൾ കുറയുന്നത് , സന്തോഷം ഇരട്ടിയാവുന്നത്. എന്നാൽ ദുഖത്തിന്റെ വർത്തമാനം കേൾക്കാനും , സുഖത്തിന്റെ വർത്തമാനം കേൾക്കാനും ആർക്കും നേരമില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും തകർന്നു കൊണ്ടിരിക്കുന്നു . ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ചു സ്വയം തന്നെ ഒരു തീർപ്പിലെത്തുകയാണ് ചെയ്യുന്നത് . ആരാണ് മറ്റുള്ളവർ എന്നറിയണമെങ്കിൽ അവരെ കേൾക്കണമല്ലോ.എന്താണവർക്ക് പറയാനുള്ളതെന്നറിയണമല്ലോ. പക്ഷെ അതിനു നേരമില്ല.അല്ലെങ്കിൽ നേരം കണ്ടെത്തുന്നില്ല .
 മറ്റുള്ളവരെ ഒന്നും പറയാനനുവദിക്കാതിരിക്കുമ്പോൾ അവനോട് ശത്രുത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് . പ്രവാചകർ  ഏറ്റവും നല്ലൊരു കേൾവിക്കാരനായിരുന്നു. എതിരാളികൾ ചില ഘട്ടങ്ങളിൽ നബിയെ  ചെകിടൻ എന്ന് ആക്ഷേപിക്കുക പോലുമുണ്ടായി .ആളുകൾ വന്നു പറയുന്നത് യാതൊരു മടിയുമില്ലാതെ കേട്ടിരിക്കുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഒരു പക്ഷെ വളരെ കോപത്തോടെ സംസാരിക്കുന്നുവരുമുണ്ടാകും. വന്നവന്റെ  കോപം അവസാനിക്കുന്നത്,  മുഴുവൻ പറഞ്ഞു തീർന്നു ഹൃദയം കാലിയാകുമ്പോഴാണ്.
 ആവലാതികൾ , സങ്കടങ്ങൾ,പ്രയാസങ്ങൾ, തുടങ്ങി ഓരോരുത്തർക്കും പറയാനുള്ളത് കേൾക്കുക എന്നതാണ് പ്രവാചകപാഠം . ഇത് സ്വീകരിക്കുവാൻ നമുക്ക് സാധിക്കുകയാണെങ്കിൽ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിംഗ് സെന്ററുകൾ ഇത്രയധികം നമ്മുടെ നാട്ടിൽ വേണ്ടി വരില്ല.
മുമ്പൊക്കെ കൂട്ട് കുടുംബങ്ങളിൽ പരസ്പരം കേൾക്കാൻ പ്രായം ചെന്നവരും രക്ഷിതാക്കളുമുൾപ്പടെ ധാരാളം അംഗങ്ങളുണ്ടാകുമായിരുന്നല്ലോ .

എന്താണ് തന്റെ അയൽവാസിക്കു പറയാനുള്ളത് , തന്റെ എതിർ ദിശയിലുള്ള സംഘടനക്കാർക്ക് പറയാനുള്ളത് ,  എന്താണ് മറ്റു സമുദായക്കാർക്ക് പറയാനുള്ളത്, മറ്റു മതസ്ഥർക്ക് പറയാനുള്ളത് , എന്തിനു വേണ്ടിയാണ് അവർ നില കൊള്ളുന്നത് എന്ന് അവർ പറയട്ടെ , എന്താണ് അവരുടെ അഭിപ്രായമെന്നും നിലപാടെന്നും അവർ രേഖപ്പെടുത്തട്ടെ . അങ്ങിനെ കേൾക്കാനുള്ള ഒരു വിശാലത നമ്മുടെ മനസ്സിന് ലഭിക്കുകയാണെങ്കിൽ ആ കേൾക്കാനുള്ള വിശാലത ലോകത്തിന്റെ തന്നെ വിശാലതയായി മാറും . ഇന്ന് ലോകം കുടുസ്സായി കൊണ്ടിരിക്കുകയാണ് ഭൂമിയിൽ ഒരുപാട് സ്ഥലമുണ്ട് . എന്നാൽ ലോകം ഇടുങ്ങിയതായി അനുഭവപ്പെടുന്നു. ഞാൻ പറയുന്നതിനേക്കാൾ കേൾക്കുമെന്ന് തീരുമാനിക്കാൻ നമുക്കായാൽ ലോകംകൂടുതൽ വിശാലമാവുന്നത് നമുക്ക് അനുഭവിക്കാൻ കഴിയും.

Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്